2011, ഡിസംബർ 21, ബുധനാഴ്‌ച

കുംബസാരത്തിലെ പരിസ്ഥിതി പാപങ്ങള്‍

അച്ചോ എനിക്കൊന്നു കുമ്പസാരിക്കണം!!!
അതിനല്ലേ മകനേ തൊമ്മീ ഞാന്‍ ഇവിടെ കുപ്പായോം ഇട്ടോണ്ടിരിക്കുന്നത് ? നിന്നെപ്പോലുള്ള ചില കുഞ്ഞാടുകള്‍ മാത്രമാണ് തൊമ്മീ ഈ ഇടവകയില്‍ ചെയ്ത പാപങ്ങള്‍ എല്ലാം തുറന്നു പറഞ്ഞു കുമ്പസാരിക്കുന്നത്.. ബാക്കിയുള്ള അലവലാതികളൊക്കെ മുക്കിയും മൂളിയും തീര്‍ക്കും... ശരിക്കും വിവരിച്ചു പറഞ്ഞാല്‍ അല്ലേ കര്‍ത്താവിന്റെ അടുത്ത് പാപപരിഹാരത്തിനു അപേക്ഷിക്കാന്‍ പറ്റു... കവല കാര്‍ത്യായനിയുടെ കൂടെ നീ ചെയ്ത പാപത്തെ പറ്റി കഴിഞ്ഞ തവണ നീ ഏറ്റു പറഞ്ഞത് ഇന്നലെ രാത്രി കിടക്കാന്‍ നേരം കൂടി ഞാന്‍ ഓര്‍ത്തു നിനക്കും അവള്‍ക്കും വേണ്ടി പ്രാര്‍ഥിച്ചു. ഒരു ക്രിസ്ത്യാനി ആയിരുന്നെങ്കില്‍ അവളും എന്റെ അടുത്ത് കുമ്പസാരിക്കാന്‍ വരുമായിരുന്നു. കാണാതെ പോയ ഒരു കുഞ്ഞാടിനെ തിരഞ്ഞ യേശുവിനെ പോലെ കവലയിലൂടെ രാവിലെ നടക്കാന്‍ പോവുമ്പോള്‍ അവള് മുറ്റം അടിക്കുന്നതും നോക്കി ഞാനും അവളുടെ ആത്മശാന്തിക്കു വേണ്ടി പ്രാര്‍ത്ഥിക്കാറണ്ട്. നമ്മുടെ ഇടവകയിലുള്ള ആരെയെങ്കിലും ആണ് നീ പാപം ചെയ്യാന്‍ കൂട്ടിയിരുന്നതെങ്കില്‍ എന്റെ രാവിലെയുള്ള നടപ്പ് ഒഴിവാക്കാമായിരുന്നു.

അച്ചന്‍ പറഞ്ഞാല്‍ ഞാന്‍ കേള്‍ക്കാതിരിക്കുമോ അച്ചോ ??

അപ്പൊ നീ ഇത്തവണ നമ്മുടെ ഇടവകയിലെ ഇതു കുഞാടിനെയാണ് പാപം ചെയ്യാന്‍ പ്രേരിപ്പിച്ചത് ??

അച്ചന്‍ അറിയില്ലേ ? എന്റെ തെക്കേലെ സൂസിയെ !!

പിന്നെ അറിയില്ലെന്നോ? നമ്മുടെ ഗള്‍ഫുകാരന്‍ തോമാസുകുട്ടിയുടെ ഭാര്യയല്ലേ... അവളിന്നലെ കുംബസാരിച്ചതാണല്ലോ... എന്നിട്ട് ഇതൊന്നും ഏറ്റു പറയാതെ അവള് എന്നെയും നമ്മുടെ കര്‍ത്താവിനെയും വഞ്ചിക്കുകയല്ലേ ചെയ്തത് ?? വേറെന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോള്‍ അവളിരുന്നു മുക്കുകയും മൂളുകയും ചെയ്തപ്പോഴേ എനിക്ക് ഡൌട്ട് അടിച്ചതാണ്... പാപം ഏറ്റു പറയാത്ത അവളൊക്കെ നരകത്തില്‍ പോവുകയേ ഉള്ളു..

അയ്യോ അച്ചാ അങ്ങനൊന്നും പറയാതെ !!!

പിന്നെ എങ്ങനെ പറയണം തൊമ്മീ??? എന്നും കാര്ത്യായനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാതെ നമ്മുടെ ഇടവകയിലെ ഒരു കുഞ്ഞാടിന് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ലഭിക്കുമായിരുന്ന അവസരം നശിപ്പിച്ച അവള്‍ നരകത്തില്‍ തന്നെ പോവും...

എന്റെ പൊന്നച്ചോ അച്ചന്‍ ഇങ്ങനെ ഉള്ളു തുറന്നു ശപിക്കാതെ ഞാന്‍ പറയുന്നതൊന്നു കേള്‍ക്കു .. അവള് ആ പാപം ചിലപ്പോ അറിഞ്ഞിട്ടുണ്ടാവില്ല അതായിരിക്കും...

നീ എന്താ ഈ പറയുന്നത് തൊമ്മീ ?? അവളറിയാതെ എങ്ങനെ പാപം നടക്കും?? ഇനി കെട്ട്യോന്‍ വെച്ചിട്ട് പോയ സ്കോച്ചും അവള് നിന്റെ കൂടെ അടിച്ചു ഫ്യൂസ് പോയപ്പോഴാണോ അത് സംഭവിച്ചത്??

അച്ചന്‍ ഇങ്ങനെ തോക്കില്‍ കേറി വെടി വെക്കാതെ... ഞാന്‍ എല്ലാം പറയാം. .

എല്ലാം പറയു എന്നിട്ട് വേണം അവളെ നരകത്തില്‍ വിടണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍!!!!!!

അച്ചോ കഴിഞ്ഞ ശനിയാഴ്ച എന്റെ വീട്ടില്‍ ആരും ഉണ്ടാരുന്നില്ല... മറിയേം പിള്ളേരും കൂടി അവളുടെ ആങ്ങളയുടെ വീട്ടില്‍ പോയി. രാത്രി കൃഷ്ണന്‍ കുട്ടീടെ കൂടെ ഷെയര്‍ ഇട്ടു ഒരു പൈന്റു വാങ്ങി അടിച്ചു കഴിഞ്ഞപ്പോഴാണ് അച്ചോ എന്റെ ഉള്ളിലെ പിശാചു ഉണര്‍ന്നത്!!

നീ റോഡില്‍ കിടന്നു നിരങ്ങാതെ കാര്യത്തിലേക്ക് വാ എന്റെ തൊമ്മീ!!!

അങ്ങോട്ട്‌ തന്നെയാണ് അച്ചോ വരുന്നത്. പയിന്റ് അടിയൊക്കെ കഴിഞ്ഞു വീട്ടിലേക്കു വരുമ്പോഴാണ് അച്ചോ സൂസിയുടെ ബെഡ് റൂമില്‍ ലൈറ്റ് കാണുന്നത്.. രാത്രി പന്ത്രണ്ടു മണിക്കും അവള് കര്‍ട്ടന്‍ ഇടാതിരുന്നതിനാല്‍ വെളിച്ചം നല്ല പോലെ പുറത്തേക്കു വരുന്നുണ്ടായിരുന്നച്ചോ!!

എന്റെ തൊമ്മീ നീ പിന്നേം എന്റെ ക്ഷമ പരീക്ഷിക്കല്ലേ...

ആ വെളിച്ചത്തില്‍ കണ്ട കാഴ്ച എന്നെ ഒരു പിശാചു ആക്കി മാറ്റി അച്ചോ!!

ഇങ്ങനെ പോയാല്‍ നീ എന്നെയും പിശാചു ആക്കി മാറ്റും!!! നീ കണ്ടതെന്താന്നു തെളിച്ചു പറയെന്റെ തൊമ്മീ....

അച്ചോ... അവളുടെ ബെഡ് റൂമിന്റെ പുറകില്‍ പൂത്തു നില്‍ക്കുന്ന മുള്ള് മുരിക്ക്‌ ആണച്ചോ ഞാന്‍ ആ വെളിച്ചത്തില്‍ കണ്ടത്. പെട്ടെന്ന് ഞാന്‍ എന്റെ കേട്യോള് പറഞ്ഞത് ഓര്‍ത്തു പോയച്ചോ!

എന്റെ പൊന്നു തൊമ്മീ... മറിയ പെണ്ണും മുള്ള് മുരിക്കുമൊക്കെ നിന്റെയും സൂസിയുടെയും ഇടയില്‍ വരുന്നതെന്തിനാ?? നീ ചെയ്ത പാപം വിശദമായിട്ട് ഏറ്റു പറയൂ

അതാണ്‌ പറഞ്ഞു വരുന്നതച്ചോ.... മറിയക്കു കുറച്ചു കൃഷിയൊക്കെ ഉള്ളത് അച്ഛനറിയാമല്ലോ... കഴിഞ്ഞ മാസം അവള് നട്ട കുരുമുളക് വള്ളി പടര്‍ത്താന്‍ ഒരു മുരുക്കിന്‍ കാലു വേണം എന്ന് പറഞ്ഞിരുന്നത് ഓര്‍ത്ത ഞാന്‍ സൂസീടെ പറമ്പിലെ ആ മുള്ള് മുരിക്ക്‌ ഒച്ചയുണ്ടാക്കാതെ കടയോടെ വെട്ടി വീട്ടില്‍ കൊണ്ട് പോയച്ചോ!!

തൊമ്മീ ഒരു മാതിരി ആളെ വടിയാക്കാതെ സൂസിയുടെ അടുത്ത് ചെയ്ത പാപം ഏറ്റു പറയു..

അച്ചോ ഈ പാപം മാത്രമാണച്ചോ ഞാന്‍ ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച അച്ചന്‍ ഇടയ ലേഖനത്തില്‍ വായിച്ചില്ലേ പരിസ്ഥിതിക്കെതിരായി ചെയ്യുന്ന പാപങ്ങളും കുമ്പസാരത്തില്‍ ഏറ്റു പറയേണ്ടത് ആണെന്ന്. അത് കേട്ടത് മുതല്‍ ഏറ്റു പറയുന്ന ഈ നിമിഷം വരെ ഞാന്‍ അനുഭവിച്ച ഹൃദയവേദന മനസിലാക്കി അച്ചന്‍ ഒരു പാപപരിഹാര ക്രിയ നിര്‍ദേശിച്ചാല്‍ എനിക്ക് അത് ചെയ്തു പുണ്യാളന്‍ ആയി ഈ ക്രിസ്മസ് ആഘോഷിക്കാമച്ചോ...

നീ പള്ളിക്ക് ചുറ്റും 41 തവണ മുട്ടില്‍ പ്രദക്ഷിണം നടത്തിയിട്ട് പൊക്കോ!!

കഴിഞ്ഞ തവണ കര്ത്യായനിയുടെ അടുത്ത് പോയതിനു രണ്ടു രൂപയുടെ തിരി കത്തിക്കാന്‍ പറഞ്ഞ അച്ചന്‍ ഒരു മുള്ള് മുരിക്ക്‌ വെട്ടിയതിനു ഇത്രയും വലിയ ശിക്ഷ തന്നത് കുറച്ചു കടന്നു പോയച്ചോ!!

എടാ തൊമ്മീ ഇത് മുള്ള് മുരിക്ക്‌ വെട്ടിയതിനല്ല.. ആളെ വടിയാക്കിയതിനാ... മുരിക്ക്‌ വെട്ടിയതിനുള്ളത് അടുത്ത തവണ തരാം.. അപ്പോഴേക്കും മുരിക്ക്‌ കുറച്ചു വളര്‍ന്നിട്ടുണ്ടാവും.

FEEDJIT Live Traffic Feed

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഞാൻ, ജീവിതത്തിന്റെ ഈ നട്ടുച്ച നേരത്തു ദുബായിയിൽ ഒരു തണലുണ്ടാവുമെന്ന പ്രതീക്ഷയിൽ...നടന്നു തീർത്ത വഴികളും, കൊഴിഞ്ഞു പോയ ഇന്നലേകളും മടങ്ങി വരില്ലെന്ന വേദനയോടെ....