2009, നവംബർ 8, ഞായറാഴ്‌ച

ഒരു ഇക്കിളി കഥ

സത്യമായിട്ടും ഞാന്‍ ഇക്കിളിയിട്ടില്ലാ.. അത് ഞാനല്ലാ..
ഒന്നും പറയേണ്ടാ... ഇറങ്ങിപോടാ... ഓരോരുത്തനോക്കെ ക്ലാസ്സില്‍ വന്നോളും മനുഷ്യനെ മെനക്കെടുത്താന്‍.. ആ ചിലമ്പിച്ച നിലവിളിയും സാറിന്റെ ആക്രോശവും ദാ ഇപ്പോഴും കാതില്‍ മുഴങ്ങുന്നുണ്ട്..

പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്പ് ഒരു ഉച്ച നേരത്തെ അവസാന വര്‍ഷ ബിരുദ ക്ലാസ്സാണ് രംഗം.. ഉച്ചക്ക് പതിവുള്ള ഷാപ്പിലെ കപ്പ കഴിക്കാത്തതിന്റെ ക്ഷീണം, പിന്നെ വ്യാഴാഴ്ച എന്ന ബോര്‍ ദിവസം. വ്യാഴാഴ്ച ബോര്‍ ആവാന്‍ വേറൊരു കാരണം കൂടിയുണ്ട്. വെള്ളിയാഴ്ച്ച ആണ് തിയേറ്ററില്‍ പടം മാറുന്നത്.. വെള്ളി പിറവം ദേവി, തിങ്കള്‍ കൂത്താട്ടുകുളം അശ്വതി, ചൊവ്വ കൂത്താട്ടുകുളം ബിന്ദു, ബുധന്‍ പിറവം ദര്‍ശന, ഉച്ചപ്പടം കളിക്കുന്ന തിയേറ്ററുകള്‍ തീര്ന്നു.. അടുത്ത ടേണ്‍ തുടങ്ങുന്നത് വീണ്ടും വെള്ളിയാഴ്ച്ച.. അപ്പൊ പിന്നെ വ്യാഴാഴ്ച കോളേജ് നു ഡെഡിക്കേറ്റ് ചെയ്തു ബോര്‍ അടിക്കാതെ എന്ത് വഴി?.. കപ്പ മേടിക്കാനുള്ള കാശ് പിഴിഞ്ഞെടുക്കാന്‍ ഒരു ഒന്നാം വര്‍ഷ പ്രീ ഡിഗ്രീയെയും കണ്ടില്ല.. അങ്ങനെ സ്വന്തം ക്ലാസ്സിലെ ലലനാമണികളുടെ ഊണ് കയ്യിട്ടു വാരിയാണ് ഇത്തിരി വിശപ്പടക്കിയത്.. ഊണിനും, പതിവുള്ള പതിവുള്ള പഞ്ചാര അടിക്കും ശേഷം ഉറക്കം വന്നു തുടങ്ങുന്ന രണ്ടു മണി നേരത്താണ് കോ-ഓപ്പറേഷന്‍ പഠിപ്പിക്കാന്‍ ഒരു കോ-ഓപ്പറേഷന്‍ നും ഇല്ലാത്ത തോമസ്‌ സര്‍ വരുന്നതു.. ക്ലാസ്സില്‍ നിന്നു മുങ്ങാനുള്ള ശ്രമം ടൈമിംഗ് ശരിയാവാത്തത് കൊണ്ടു ക്യാച്ച് ആയി..

ഇനിയുള്ള മുക്കാല്‍ മണിക്കൂര്‍ ഇന്നു ചെയ്ത പാപങ്ങല്കുള്ള പ്രതിഫലമായി കിട്ടിയതാനെന്ന സമാധാനത്തോടെ പുറകിലെ ബെഞ്ചില്‍ ഉപവിഷ്ടരായി.. ഈ പുറകിലെ ബെന്ചിനു ഒരു സ്പെഷ്യാലിറ്റി ഉണ്ട്.. ഇതൊരു സാധാരണ ബാക്ക് ബെഞ്ച്‌ അല്ല.. ഇതു ഞങ്ങളുടെ ക്ലാസ്സിലെ സുന്ദരികളും, സുശീലകളും സര്‍വോപരി പട്ടിണിയാവുന്ന ദിവസങ്ങളില്‍ സ്വന്തം ചോറ് പാത്രം ഞങ്ങള്‍ക്കായി ദാനം ചെയ്യുകയും ചെയ്യുന്ന അഞ്ചു സുന്ദരികളുടെ ബാക്ക് ബെഞ്ച്‌ ആണ്.. ഒരുപാടു ചോര ചിന്തിയ പോരാട്ടങ്ങല്ക് ശേഷമാണ് ഞങ്ങള്‍ അഞ്ചംഗ സംഘം ആ ബെന്ചിന്റെ ഉടമസ്ഥാവകാശം കൈക്കലാക്കിയത്.. ക്ലാസ്സിലേക്ക് സര്‍ എത്തിയതും മറ്റൊന്നും ചെയ്യാനില്ലാത്തതിനാല്‍ ഞാന്‍ മുഖം കൈകളിലൂന്നി ഒരു കുഞ്ഞു ഉറക്കത്തിനുള്ള വട്ടം കൂട്ടി.. അങ്ങനെ സര്‍ സഹകരണത്തിന്റെ കാണാപുരങ്ങളിലേക്ക് ക്ലാസ്സിനെ കൊണ്ടുപോവാന്‍ തുടങ്ങുകയും ഒരു പാതി മയക്കം വന്നെന്റെ കണ്ണിനെ മൂടാന്‍ തുടങ്ങുകയും ചെയ്യുന്ന സന്ദര്‍ഭത്തിലാണ് ഞാന്‍ ആ കാഴ്ച കാണുന്നത്.. എന്റെ അടുത്തിരുന്നു ധ്യാനിച്ചിരുന്ന ശ്രീമാന്‍ ജോസ് അവന്റെ രണ്ടു കാലുകളും ഡിസ്കിന് അടിയിലൂടെ മുന്നിലെ ബെഞ്ചില്‍ കയറ്റി വെക്കുന്നു.. അതും ഞങ്ങള്‍ക്ക് ഉച്ചക്ക് ഊണ് പാത്രം തന്നു സഹായിച്ച ജിന്‍സി ക്കും സല്ജക്കും ഇടയില്‍..

ജിന്‍സി ആണെങ്കില്‍ അവന്റെ കാല് അവിടെങ്ങാനും ഇരുന്നോട്ടെ എന്ന് കരുതി ഒതുങ്ങി ഇരിക്കുന്നു.. ഒരു ജെന്റ്ലെമാനും കാലിനു അവനെക്കാളും നീളം കൂടുതല്‍ ഉള്ളവനും ആയ ഈ ഞാന്‍ ഇവിടെ ഇരിക്കുമ്പോള്‍ തൊട്ടടുത്തിരുന്നു ഈ അതിക്രമം കാണിക്കുന്നത് എനിക്ക് സഹിക്കുമോ?.. എന്റെ രക്തം തിളക്കാന്‍ തുടങ്ങി.. അത് മുഴുവന്‍ തിളച്ചു തൂവുന്നതിനു മുന്പ് എന്തെങ്കിലും ചെയ്തേ പറ്റൂ.. ഞാന്‍ ഡസ്ക് ലേക്ക് കമിഴ്ന്നു കിടന്നു.. എന്നിട്ട് കൈ മുന്നിലെക്കിട്ടു അവന്റെ കാല്‍പാദങ്ങളില്‍ ചൊറിയാന്‍ തുടങ്ങി.. അവനാണെങ്കില്‍ അത് സഹിക്കാതെ കാല് വെട്ടിക്കാനും.. കുതറുന്ന കാലുകള്‍ അറിയാതെ, വശങ്ങളില്‍ ജിന്‍സി യുടെയും സല്ജയുടെയും ദേഹത്ത് മുട്ടുന്നുണ്ട്.. അങ്ങനെ മുട്ടുമ്പോള്‍ രണ്ടെണ്ണവും ചെറുതായിട്ട് ചാടുന്നുമുണ്ട്.. അതൊന്നും കാര്യമാക്കാതെ അവന്റെ കാലുകള്‍ താഴെ ചാടിക്കാനുള്ള ദൃഡ പ്രതിജ്ഞ എടുത്ത ഞാന്‍ പ്രയത്നം തുടര്‍ന്നുകൊണ്ടിരുന്നു..

അപ്പോഴാണ്‌ തോമസ്‌ സര്‍ ന്റെ ശ്രദ്ധയില്‍ ഈ പെണ്‍കുട്ടികളുടെ നാലാം ബെഞ്ച്‌ കടന്നു വരുന്നത്.. സര്‍ ന്റെ കോ- ഓപ്പറേഷന്‍ ക്ലാസ്സിലിരുന്നു രോമാഞ്ചം സഹിക്കാന്‍ വയ്യാതെ ചാടുന്ന രണ്ടു പെണ്‍കുട്ടികളെ കണ്ട തോമസ്‌ സര്‍ ആകെ ത്രില്ലടിച്ചു... ആ ത്രില്ലില്‍ അല്‍പനേരം പടിപ്പിചെന്കിലും പിന്നെ പിന്നെ സാറിന് മനസ്സിലായി ഇതു വേറെന്തോ ഗുലുമാല്‍ ആണെന്ന്.. സൂക്ഷിച്ചു നോക്കിയ സര്‍ ന്റെ മുന്നില്‍ ആ നഗ്ന സത്യം വെളിപ്പെട്ടു.. ബാക്ക് ബെഞ്ചില്‍ ഒരുത്തന്‍ അവര്കിടയിലേക്ക് കമിഴ്ന്നു കിടക്കുന്നുണ്ട്‌.. രോമാഞ്ചം ബാക്ക് ബെഞ്ചില്‍ നിന്നാണ് വരുന്നതു!. പിന്നെ താമസിച്ചില്ല എന്റെ പേരുറക്കെ വിളിക്കുന്നത് കേട്ടാണ്‌ ഞാന്‍ നടത്തിക്കൊണ്ടിരുന്ന പ്രയത്നത്തിനു ബ്രേക്ക്‌ നല്കിയത്.. ചാടി എഴുന്നേറ്റതും സര്‍ ന്റെ ഓര്‍ഡര്‍ ഇറങ്ങി പോടാ.. എനിക്ക് ചെയ്ത തെറ്റ് എന്താണെന്ന് പോലും മനസ്സിലായില്ല.. എന്റെ ഭാഗം വിശദീകരിക്കാനുള്ള ഒരു വിഫല ശ്രമം നടത്തിയെങ്കിലും ഉഗ്ര പ്രതാപിയായി ഉറഞ്ഞു തുള്ളി നില്‍കുന്ന സാറിന്റെ ചെവിയില്‍ അത് കയറിയില്ല..

അങ്ങനെ അപമാനിതനും, ദുഖിതനും, നിരാശനും പിന്നെ വേറെയും എന്താണ്ടൊക്കെയോ ആയി എന്നാണോര്‍മ.. ക്ലാസ്സില്‍ നിന്നിറങ്ങി. താഴെ സണ്ണി ചേട്ടന്റെ കടയിലെ നല്ല ചൂടും കടുപ്പവുമുള്ള ചായ ഒറ്റ വലിക്കു കുടിച്ചു ഞാന്‍ എന്റെ പ്രതിഷേധം രേഖപ്പെടുത്തി.. കണക്കു ബുക്കില്‍ ചായക്ക് രണ്ടു രൂപ എഴുതി സണ്ണി ചേട്ടനും..

ഇനി നിങ്ങള്‍ പറയു.. തെറ്റ് ചെയ്തത് ഞാന്‍ ആണോ?.. കാല് കയറ്റി വെച്ച എന്റെ പ്രിയ മിതം ജോസ് തെറ്റ്കാരന്‍ അല്ലെ?.. അവന് കാല്‍ കയറ്റി വെച്ചപ്പോപ്രതിഷേധിക്കാതിരുന്ന ജിന്‍സി യും സല്ഞയും തെറ്റ് കാരല്ലേ?.. എന്റെ വിശദീകരണം പോലും ചെവിക്കൊള്ളാതെ എന്നെ ക്ലാസ്സില്‍ നിന്നിറക്കി വിട്ട തോമസ്‌ സര്‍ തെറ്റ് കാരന്‍ അല്ലെ?.. ഒരു രൂപ മാത്രം വിലയുണ്ടായിരുന്ന ചായക്ക് രണ്ടുരൂപ എഴുതി വെച്ച സണ്ണി ചേട്ടനും തെറ്റുകാരന്‍ അല്ലെ?.. (സണ്ണി ചേട്ടനെ നമുക്കൊഴിവാക്കാം കാരണം പുള്ളി അറിയാതെ ഞാന്‍ രണ്ടു പഴം പൊരി അടിച്ച് മാറ്റിയിരുന്നു.. )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

FEEDJIT Live Traffic Feed

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഞാൻ, ജീവിതത്തിന്റെ ഈ നട്ടുച്ച നേരത്തു ദുബായിയിൽ ഒരു തണലുണ്ടാവുമെന്ന പ്രതീക്ഷയിൽ...നടന്നു തീർത്ത വഴികളും, കൊഴിഞ്ഞു പോയ ഇന്നലേകളും മടങ്ങി വരില്ലെന്ന വേദനയോടെ....