2009, നവംബർ 9, തിങ്കളാഴ്‌ച

ഒരു ചൂടു വാര്ത്ത

രാവിലെ ചായക്കടയിലേക്ക് പാലുമായി പോയ ആനി ചേച്ചിയാണ് ആ ചൂടുള്ള വാര്ത്ത അമ്മയോട് പറഞ്ഞത്. ചായക്കടയില്‍ പാല് കൊടുക്കുന്നത് കൂടാതെ അവിടെ നിന്നും കിട്ടുന്ന ചൂടുള്ള വാര്‍ത്തകള്‍ വഴിയിലുടനീളം ആകാംഷാഭരിതരായി കാത്തു നില്ക്കുന്ന വീട്ടമ്മമാര്‍ക്ക് പകര്ന്നു കൊടുക്കുക എന്ന മഹനീയ കൃത്യം കൂടി വളരെ പ്രശംസനീയമായ നിലയില്‍ ആനി ചേച്ചി നിര്‍വഹിക്കുന്നുണ്ട്.. കരാറുകാരന്‍ ലോനപ്പന്റെ മോള്‍ ആന്‍സി, ലോനപ്പന്റെ ഒപ്പം റോഡ് പണിക്കുവന്നതമിഴന്റെ ഒപ്പം ഒളിച്ചോടിയ വാര്‍ത്തയൊക്കെ അങ്ങനെയാണ് നാട്ടില്‍ പാട്ടായത്‌. വന്നു വന്നു രാവിലെ ആനി ചേച്ചിയുടെ കയ്യില്‍ നിന്നും എന്തെങ്കിലും വാര്ത്ത കിട്ടിയില്ലെങ്കില്‍ പിന്നെ അന്നത്തെ ദിവസം ആകെ ഒരു ഉഷാരില്ലായ്മആയി മാറി.. അയല്‍പക്കത്തെ ഏതാണ്ടെല്ലാ വീട്ടമ്മമാരുടെയും സ്ഥിതി ഇതൊക്കെ തന്നെയായിരുന്നു..


ആ ആനി ചേച്ചിയാണ് വെളുപ്പിന് അഞ്ചു മണിക്കുതന്നെ പുതിയ പത്രം ഇറക്കിയിരിക്കുന്നത്.. ഇന്നത്തേത് കുറച്ചു ഹൊറര്‍ വാര്ത്ത ആയിരുന്നു.. മനക്കപ്പടിയില്‍ ഒരാള്‍ തൂങ്ങി മരിച്ചിരിക്കുന്നു!.. തല്ലികൊന്നു കെട്ടിത്തൂക്കിയതാനെന്നൊരു സംശയം. ശവം കിടക്കുന്നതിനടുത്തു വരെ ഏതോ വണ്ടി വന്ന ടയര്‍ പാടുകളും ഉണ്ട്.. കിട്ടുന്ന വാര്‍ത്തകള്‍ മൂടി വെക്കാതെ പബ്ലിഷ് ചെയ്യാനുള്ളത്‌ ആയതു കൊണ്ടു അമ്മ ഉടനെ വടക്കേലെ ലീല ചേച്ചിയെ ഉറക്കത്തില്‍ നിന്നെഴുന്നെല്പിച്ചു കാര്യം പറഞ്ഞു.. ലീല ചേച്ചി കിഴക്കേലെ സരസ ചേച്ചിയോടും, സരസ ചേച്ചി പണിക്കു പോവാന്‍ റെഡി ആവുന്ന സുകു ചേട്ടനോടും പറഞ്ഞു.. ഒരു അഞ്ചു മിനിട്ട് കൊണ്ടു അയല്പക്കക്കാരുടെ ഒരു മീറ്റിംഗ് എന്റെ അമ്മയുടെ നേതൃത്വത്തില്‍ രൂപം കൊണ്ടു.. എവിടത്ത്തുകാരന്‍ ആയിരിക്കും?.. തനിയെ ആയിരിക്കുമോ?.. അതോ ആരെങ്കിലും തല്ലി കൊന്നതോ?.. എങ്കില്‍ എന്തിന് ഈ മന്ക്ക പടിയില്‍ കൊണ്ടുവന്നു ചെയ്തത്?.. ഇങ്ങനെ അനേകം ചോദ്യങ്ങള്‍ അന്തരീക്ഷത്തില്‍ അലയടിക്കുംബോഴാനു ഞാന്‍ കണ്ണും തിരുമ്മി എഴുന്നേറ്റു വരുന്നതു..


ഈ ഭീകര സംഭവം നടന്നിരിക്കുന്ന മനക്കപടി ഞങ്ങള്‍ സ്കൂളില്‍ പോവുന്ന വഴിയാണ്. വഴിക്കിരുവശവും വിശാലമായ റബ്ബര്‍ തോട്ടങ്ങള്‍.. പകല് പോലും സൂര്യന്‍ എത്തിനോക്കാന്‍ മടിക്കുന്ന ഇരുണ്ട വിജനമായ സ്ഥലം. അല്ലെങ്കില്‍ തന്നെ ഒരു പ്രേത സിനിമയ്ക്കു സ്കോപ്‌ ഉള്ള ഇടം. സ്കൂളില്‍ നിന്നും ജില്ല മത്സരങ്ങള്‍ക്കുള്ള കബഡി ടീമില്‍ ഉള്ളതിനാല്‍ എനിക്കും എന്റെ പ്രിയ സുഹൃത്തും മേല്പ്പറഞ്ഞ സരസ ചേച്ചിയുടെ മകനുമായ ശിവനും രാവിലെ ആര്‍ മുപ്പതിന് സ്കൂളില്‍ എത്തണം.. ഇനിയിപ്പോ പ്രേതം കിടക്കുന്ന വഴി എങ്ങനെ പിള്ളേര് സ്കൂളില്‍ പോവും?.. അമ്മമാരുടെ വേവലാതി അതായിരുന്നു.


ഓ പിന്നെ പ്രേതം. പോവാന്‍ പറ. എന്ന് പറയുമ്പോ എന്റെ ആശ്വാസം കഴുത്തില്‍ കിടക്കുന്ന കൊന്ത ആയിരുന്നു.. കുരിശിനെ പ്രേതത്തിനു പേടിയാണല്ലോ. പെട്ടെന്ന് കുളിയും ആഹാരവും കഴിഞ്ഞു ഞങ്ങള്‍ റെഡി ആയി. നേരം വെളുത്തു വരുന്നതെ ഉള്ളു. വീട്ടില്‍ നിന്നും വഴിയില്‍ ഇറങ്ങിയപ്പോ ഞങ്ങള്‍ പുലികളായി.. ഒരു തൂങ്ങി മരണം കാണാന്‍ കിട്ടുന്ന അസുലഭ അവസരം ആണ്. പാഴാക്കരുത്‌!. വീട്ടില്‍ അറിയാതിരുന്നാല്‍ പോരെ?.. ഉള്ളില്‍ നല്ല പേടി ഉണ്ടെങ്കിലും ഞാന്‍ കഴുത്തില്‍ കിടക്കുന്ന കൊന്തയുടെ ബലത്തില്‍ സമ്മതിച്ചു..


മനക്കപടിയുടെ വളവു തിരിഞ്ഞപ്പോള്‍ അത് വരെ നല്ല സ്പീഡില്‍ ഓടിയിരുന്ന ശിവന്റെ വണ്ടിക്കു പിക്ക് അപ്പ്‌ കുറഞ്ഞു.. പിന്നെ ഞാനായിട്ടെന്തിന് സ്പീഡില്‍ പോണം?.. ഞാന്‍ പതുക്കെയാക്കി.. പിന്നീടുള്ള ഓരോ ചുവടും സൂക്ഷിച്ചു മുന്നോട്ട്. ഇരുവശവും സൂക്ഷ്മതയോട് കൂടി നോക്കിയാണ് നടപ്പ്. കുറേ നടന്നിട്ടും ആരെയും കാണാന്‍ ഇല്ല.. ഇന്നൊരു ദിവസം കൊണ്ടു വഴിക്ക് നീളം കൂടിയോ?.. എവിടെയാണ് ഈ പണ്ടാരം കിടക്കുന്നതെന്ന് ആരോടെങ്കിലും ചോദിക്കാന്‍ ആണെങ്കില്‍ ഒരു കുഞ്ഞിനെപ്പോലും കാണാനും ഇല്ല.. ചെലപ്പോ ആനി ചേച്ചി നുണ പറഞ്ഞതാവാനും മതി. എന്നൊരു നിഗമനത്തില്‍ എത്തി ചേര്‍ന്നതും കുറച്ചു ദൂരെ ഒരാള്‍ റോഡിനു അരികിലുള്ള കയ്യാലയില്‍ നില്ക്കുന്നത് ശിവന്‍ കണ്ടു.


നമുക്ക്‌ ആ നില്ക്കുന്ന ആളോടു ചോദിക്കാം..


അങ്ങനൊരു സംഭവം ഉണ്ടെങ്കില്‍ അയാള്‍ക്ക് അറിയുമായിരിക്കും!. ചെലപ്പോ തൂങ്ങി കിടക്കുന്ന ആളെ കാണാന്‍ വന്നത്ആയിരിക്കും. എന്തായാലും ഒരാളെ കണ്ടല്ലോ.. എനിക്ക് ചോര്‍ന്നുപോയ ധൈര്യം തിരികെ കിട്ടി. പതിയെ ആയിപ്പോയ ഞങ്ങളുടെ നടരാജ്‌ വണ്ടി വീണ്ടും സ്പീഡില്‍ ഓടാന്‍ തുടങ്ങി.


ചേട്ടാ ഈ തൂങ്ങി ചത്ത ആള് കിടക്കുന്നതെവിടെയാ?..


കയ്യാലയില്‍ നില്ക്കുന്ന മാന്യന്‍ അത് കേട്ട ലക്ഷണമില്ല.!.


ഓട്ടത്തിന്റെ കിതപ്പും സംഭ്രമവും കാരണം ചെലപ്പോ ഞാന്‍ ചോദിച്ചത് പതുക്കെ ആയിരിക്കും.. ഒന്നു കൂടെ അടുത്തെത്തി വീണ്ടും ചോദിക്കാം .. അയാള്‍ തോട്ടത്തിലേക്ക് നോക്കിയാണ് നില്‍ക്കുന്നത്‌ .. ചെലപ്പോ ഞാന്‍ ചോദിച്ചത് കേട്ടിട്ടുണ്ടാവില്ല.. വീണ്ടും ചോദ്യം ആവര്‍ത്തിച്ചു..


ങേ ഹേ .. ഒരു പ്രതികരണവുമില്ല..


ശിവന് ആകപ്പാടെ ദേഷ്യം വന്നു.. ഡാ പൊട്ടാ ... എന്ന് വിളിച്ചിട്ട് ഓടാന്‍ പോയ ശിവന്‍ കറന്റ് അടിച്ചപോലെ നിന്നു. കാര്യം മനസ്സിലാവാതെ ഞാനും..


നോക്കെടാ അങ്ങേരുടെ കഴുത്തിലേക്കു!.


അപ്പോഴാണ്‌ കയ്യാലയില്‍ നില്‍കുന്ന ആളിന്റെ ശരിയായ രൂപം കാണുന്നത്.. പാന്റ്സും ഷര്‍ട്ടും ഒക്കെ ഇട്ടു കുട്ടപ്പനായി നില്‍കുന്ന അയാളുടെ കഴുത്തില്‍ ഒരു ചരട്.. അത് അവസാനിക്കുന്നത് റോഡിലേക്ക് ചാഞ്ഞു നില്ക്കുന്ന ഒരു ഇലഞ്ഞി കൊമ്പില്‍.. ആളിന്റെ ഭാരം കൊണ്ടായിരിക്കണം കൊമ്പ് കുറച്ചു വളഞ്ഞിട്ടുണ്ട്.. അങ്ങനെയാണ് തൂങ്ങി കിടന്നിരുന്ന ആള്‍ക്ക് കയ്യാലയില്‍ വന്നു നില്‍ക്കാന്‍ പറ്റിയത്.. എന്റെ അയ്യോ എന്ന വിളിയില്‍ ശിവനും ഷോക്കില്‍ നിന്നുണര്‍ന്നു..


പിന്നേ സ്കൂള്‍ വരെയുള്ള രണ്ടു കിലോമീറ്റര്‍ ഓടി തീര്‍ക്കാന്‍ എടുത്തത്‌ ഏതാനും നിമിഷങ്ങള്‍ മാത്രം.. ഇന്നും ആ റെക്കോര്‍ഡ്‌ തകര്‍ക്ക പെടാതെ നില്‍ക്കുണ്ട്.. കാരണം പിന്നീടാരും മനക്ക പടിയില്‍ തൂങ്ങി മരിച്ചിട്ടില്ല. എന്തായാലും തൂങ്ങി മരണം കണ്ട കാര്യം വീട്ടില്‍ പറയേണ്ടി വന്നില്ല. സ്കൂളില്‍ നിന്നും ഉച്ചക്ക് അവധിയെടുത്ത് ചെന്നപ്പോഴേ അമ്മമാര്‍ക്ക് കാര്യം മനസ്സിലായിരുന്നു .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

FEEDJIT Live Traffic Feed

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഞാൻ, ജീവിതത്തിന്റെ ഈ നട്ടുച്ച നേരത്തു ദുബായിയിൽ ഒരു തണലുണ്ടാവുമെന്ന പ്രതീക്ഷയിൽ...നടന്നു തീർത്ത വഴികളും, കൊഴിഞ്ഞു പോയ ഇന്നലേകളും മടങ്ങി വരില്ലെന്ന വേദനയോടെ....