2009, ഒക്‌ടോബർ 21, ബുധനാഴ്‌ച

ഒരു വേളാങ്കണ്ണി യാത്ര

വെറും രണ്ടു മൈല്‍ അപ്പുറത്ത്‌ നിന്നും കല്യാണം കഴിച്ച അപ്പനോട്‌ എനിക്ക് പലപ്പോഴും ദേഷ്യം തോന്നിയിട്ടുണ്ട്, കാരണം വേറൊന്നുമല്ല സ്കൂളില്‍ എല്ലാരും അവധിക്കാലത്ത്‌ അമ്മവീട്ടിലേക്ക് നടത്തിയ യാത്രയുടെ വിവരണം അല്പം ഉപ്പും മുളകുമൊക്കെചേര്ത്തു വിളമ്പുമ്പോള്‍ നമ്മുക്ക് പറയാനുള്ളത് ഒന്നുറക്കെ കൂവിയാല്‍ കേള്‍ക്കാവുന്ന അകലത്തുള്ള അമ്മ വീട്ടു കഥകള്‍... പറഞ്ഞു തുടങ്ങുമ്പോഴേക്കും ആരെങ്കിലും ഇടന്കൊലിടും .. ഞങ്ങള് പാല്‍ വാങ്ങിക്കാന്‍ പോവുന്ന വീടല്ലേ.. അവിടെന്തോക്കെ ഉണ്ടെന്നു ഞാന്‍ നിനക്കു പറഞ്ഞു തരാം..
ദേ കിടക്കുന്നു.. അതുവരെ പറയാന്‍ ഒരുക്കിവെച്ച കഥാപുസ്തകത്തിന്റെമുകളില്‍ അല്ലെ കശ്മലന്‍ വെട്ടുകല്ലെടുത്തു വെച്ചത്... അപമാനതിനൊക്കെ ഒരു പരിഹാരം ഉണ്ടാവണേ എന്നഎന്റെ ഹൃദയം നുറുങ്ങിയുള്ള പ്രാര്‍ത്ഥനയുടെ ഫലം ആയിട്ടായിരിക്കണം അമ്മായിയെ കല്യാണം കഴിച്ചു വിട്ടത്‌ അടുത്ത പഞ്ചായതിലെക്കായിരുന്നു...
പിന്നത്തെ അവധിക്കാലം കഴിഞ്ഞത്‌ എനിക്ക് പറയാന്‍ ഒരുപാടു കഥകള്‍ ഒരുക്കി കൊണ്ടാണ്.. പുഴയില്‍ കുളിച്ചതും, പാടത്ത് കൊക്കിനെ വെടിവെക്കാന്‍ നടത്തിയ സാഹസിക യാത്രകളും ഒക്കെ കുറച്ചധികം മസാലയും ചേര്ത്തു വിളമ്പി.. പക്ഷെ അപ്പോഴും ഒരു കുഴപ്പം.. പറയുന്ന വേട്ട കഥകളില്‍ ഒരു ശിക്കാരി ശംഭു സ്വാധീനം ഭയങ്കരമായിരുന്നു... അതൊക്കെ കയ്യോടെ പിടിച്ച കൂട്ടുകാര്‍ എനിക്ക് പേരുമിട്ടു! അതുതന്നെ..ശിക്കാരി ശംഭു. എല്ലാവരും ബാലരമ വായിക്കുന്നതിന്റെ ഓരോരോ കുഴപ്പങ്ങള്‍..

അങ്ങനെ വേട്ടക്കഥ ഇനി മിണ്ടിയാല്‍ എല്ലാരും കൂടി എന്നെ വെടിവെച്ചു കൊല്ലുമെന്ന ആപല്‍ഘട്ടത്തിലാണ് അപ്പന് മനോഹരമായ വെളിപാടുണ്ടാവുന്നത്.. റെയില്‍വേ ജീവനക്കാര്‍ക്ക്‌ വര്‍ഷത്തില്‍ കിട്ടുന്ന ഫ്രീ പാസ്‌ ഉപയോഗിച്ച കുടുംബസമേതം ഇന്ത്യയില്‍ എവിടെ വേണമെങ്കിലും പോവാമെന്നു... ഉല്ലാസ യാത്രകള്‍ കാശ് പൊടിക്കുന്ന പരിപാടി ആണെന്ന് സാമാന്യം നല്ല പിശുക്കന്‍ ആയ അപ്പന് ആരും പറഞ്ഞു കൊടുക്കേണ്ട കാര്യം ഉണ്ടായിരുന്നില്ല. ഏറെ നാളത്തെ ഗവേഷണത്തിനും പഠനത്തിനും ശേഷം വേളാങ്കണ്ണി പള്ളിയിലേക്ക് യാത്ര പോവാമെന്ന തീരുമാനം എടുത്ത അപ്പന്‍ അത് പരീക്ഷക്ക്‌ തൊട്ടുമുന്‍പാണ് പ്രഖ്യാപിക്കുന്നത്... അതും പരീക്ഷ നന്നായിട്ട് പടിച്ചെഴുതിയാല്‍മാത്രം.. മര്യാദക്കിരുന്നു പഠിക്കാന്‍ അപ്പന്‍ ഇങ്ങനെ പല നമ്പരുകളും ഇറക്കിയിട്ടുള്ളത് കൊണ്ടു അല്‍പ വിശ്വാസിയായ ഞാന്‍ അത് വലിയ കാര്യം ആക്കിയില്ലാ.. പക്ഷെ സംഗതി സീരിയസ് ആണെന്ന് അപ്പനും അമ്മയും കൂടി നടത്തിയ രഹസ്യ സംഭാഷണത്തില്‍ നിന്നുംമനസ്സിലായ അനിയത്തി വിവരം എനിക്ക് ചോര്‍ത്തി തന്നു.. പിന്നേ രണ്ടും കല്പിച്ചു പഠിക്കാന്‍ ഉള്ള ശ്രമം.. പക്ഷെ ദൈവം വീണ്ടും പരീക്ഷണം നടത്തുന്നു! ഇംഗ്ലീഷ് പുസ്തകം പഠിക്കാന്‍ തുറക്കുമ്പോ എനിക്ക് ട്രെയിനിന്റെ ചൂളം വിളി കേള്‍ക്കാന്‍ തുടങ്ങും . സ്കൂളിലെ കഷ്മലന്മാരാനെന്കില്‍ ഞാന്‍ നടത്താന്‍ പോവുന്ന യാത്രയുടെ കാര്യം വിശ്വസിക്കുന്നുമില്ല. ശിക്കാരി ശംഭുവിന്റെ പ്രേതം എന്നെ ഉപദ്രവിച്ചുകൊണ്ടേ ഇരുന്നു. അങ്ങനെ ഒരുവിധം പരീക്ഷയെല്ലാം തീര്തെടുത്തു.. മനസ്സില്‍ തീവണ്ടിയുടെ ചൂളം വിളി മാത്രം..

കാത്തിരിപ്പിനൊടുവില്‍ മനോഹരമായ ദിവസം വന്നു ചേര്ന്നു.. ഒരു വെള്ളിയാഴ്ച്ച.. പുതിയ ഉടുപ്പൊക്കെ ഇട്ട ഞാനും അനിയത്തിയും പിന്നേ അപ്പന്‍, അമ്മ, അച്ഛമ്മ, അമ്മായി.. കുറേ ബാഗുകള്‍, പെട്ടികള്‍, (ഭാഗ്യം ആടിനും കോഴിക്കും ഫ്രീ പാസ്‌ കിട്ടാതിരുന്നത് )... ഒരു ദിവസമെങ്കിലും ഹോട്ടലില്‍ നിന്നും കഴിക്കാംഎന്നുള്ള സ്വപ്നത്തിന്റെ കടക്കല്‍ അപ്പന്‍ വീട്ടില്‍ നിന്നിറങ്ങുന്നതിനു മുന്പേ കത്തി വെച്ചു.. ഹോട്ടലിലെ ആഹാരം വയറു കേടാക്കും.. (അല്ലാതെ കാശ് പോവുന്നതുകൊണ്ടോന്നും അല്ലാ) അതിനാല്‍ രാത്രിയിലെ ഊണ് വീട്ടില്‍ നിന്നും പാര്‍സല്‍.... എന്നാല്‍ പിന്നെ ഒരു അടുപ്പും അത്യാവശ്യം പാത്രങ്ങളും എടുത്താല്‍ നമുക്കങ്ങനെ കഞ്ഞി വെച്ചു.. കഞ്ഞി വെച്ചു പോവാം എന്ന് പറയണം എന്നുണ്ടായിരുന്നു.. പക്ഷെ പറഞ്ഞില്ലാ.. പോയി വരുമ്പോഴേക്കും കാശ്‌ എത്രയാവും എന്ന് കണക്കു കൂട്ടി ഒരു വഴിക്കായിരിക്കുന്ന അപ്പനോട്‌ ഇതു കൂടി പറഞ്ഞാലുണ്ടാകാവുന്ന ഒരു വലിയ അത്യാഹിതം ഒഴിവാക്കാം എന്ന് കരുതി.. വെറുതെ പുറത്തു അടികൊണ്ട പാടുമായി ടൂര്‍ പോവുന്നത് മോശമല്ലേ..

റെയില്‍വേ സ്റ്റേഷന്‍.. തലങ്ങും വിലങ്ങും ഓടുന്ന യാത്രക്കാര്‍, ചുമട്ടുകാര്‍ അതിനിടയില്‍ ചായ, കാപ്പി, വിളിയുടെ അകമ്പടിയോടു കൂടി വരുന്ന സ്വര്‍ണ നിറത്തിലുള്ള വടകളും മസാല ദോഷകളും .. അപ്പനോട് എനിക്ക് പിന്നെയും ദേഷ്യം തോന്നി.. അതാ വണ്ടി വന്നു.. പറഞ്ഞതും അപ്പന്‍ ബാഗുമായി ട്രെയിനില്‍ ചാടി കയറി കഴിഞ്ഞു .. സീറ്റ് പിടിക്കാനുള്ള ഓട്ടം ആണെന്ന് മനസ്സിലായത്‌ ഒരു ബര്‍ത്തില്‍ വിരിച്ചിട്ട കിടക്ക വിരി കണ്ടപ്പോഴാണ്... റെയില്‍വേ സീറ്റ് ബുക്കിങ്ങിന്റെ നൂതന മാര്‍ഗം റെയില്‍വേ ജീവനക്കാരനായ അപ്പന് ആരെങ്കിലും പറഞ്ഞുകൊടുക്കേണ്ട കാര്യം ഉണ്ടോ?..

കാഴ്ച്ചകള്‍ കാണാന്‍ ജനാലക്കടുത്ത് ഇടംപിടിച്ച എനിക്ക് വീണ്ടും അപ്പന്റെ വക ഇരുട്ടടി.. വിന്‍ഡോ ഷട്ടര്‍ താഴ്ത്തിയിടാന്‍.. അപ്പടി കള്ളന്മാരാനത്രേ.. പോക്കറ്റില്‍ ആകെയുള്ളത് കുടുക്ക പൊട്ടിച്ചപ്പോ കിട്ടിയ തുട്ടെല്ലാം കൂടി മാറിയ അറുപത്തി മൂന്നു രൂപ അമ്പതു പൈസയാണ് , അത് കള്ളന്മാര്‍ കൊണ്ടുപോയാല്‍ അതിനും കൂടി അപ്പന്റെ കിഴുക്കു കിട്ടും എന്നുള്ളതുകൊണ്ട്, രാത്രിയില്‍ എന്ത് കാഴ്ച കാണാന്‍ എന്ന് സ്വയം സമാധാനിചിരിക്കുമ്പോള്‍ , എന്റെ നേരെയിരുന്നു പുന്നാര അനിയത്തി തനിക്കിതോന്നും പുത്തരിയല്ലെന്ന നാട്യത്തില്‍ ബാലരമ ശാപ്പിടുന്നു .. അവളെ ഒന്നു ന്ജോണ്ടിയതും അമ്മയുടെ വക ഒരു കിഴുക്കു ചെവിയില്‍.. അടങ്ങിയിരുന്നോണം... പിന്നെ അമ്മയും അമ്മായിയും അച്ഛമ്മയും ആരുടെയൊക്കെയോ കുശുമ്പും കുന്നായ്മയും പറയുന്നതു കേട്ടിരിക്കല്‍ അല്ലാതെ വേറേ മാര്‍ഗം ഇല്ലായിരുന്നു...

ഇടയ്ക്ക് ഓരോ സ്റ്റേഷനുകളില്‍ നിര്‍ത്തുമ്പോള്‍ യാത്രക്കാരുടെ കയറാനും ഇറങ്ങാനും ഉള്ള തിരക്ക്... വീണ്ടും കൊതിപ്പിക്കുന്ന വിളി.. ചായ വടേ.... ഞാനിങ്ങനെ ദയനീയമായി അപ്പനെ ഒന്നു നോക്കും.. അപ്പന്‍ ആണെങ്കില്‍ ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണ എന്ന് മട്ടില്‍ ഒരു വാരികയിലേക്ക്‌ മുഖം പൂഴ്ത്തി ഒരേ ഇരിപ്പും...
ഒന്നു രണ്ടു സ്റ്റേഷനില്‍ കലാപരിപാടി ആവര്തിച്ചപ്പോ അപ്പന് മനസ്സിലായി ഞാന്‍ നിയന്ത്രണം പോയി എന്തെങ്കിലും കടും കൈ ചെയ്യുമെന്ന്.. പിന്നെ താമസിയാതെ ഊണ് കഴിക്കാനുള്ള ഉത്തരവിറങ്ങി.. വാഴയിലയില്‍ പൊതിഞ്ഞ ചോറും വറുത്തെടുത്ത ഇറച്ചിയുമൊക്കെ തുറക്കുമ്പോഴുള്ള മണം കൊണ്ടു അടുത്ത ബെര്‍ത്തില്‍ ഉള്ളവരൊക്കെ നമ്മളെ നോക്കുന്നുണ്ട്.. ' അതൊന്നും ശ്രദ്ധിക്കെണ്ടാ. വേഗം കഴിച്ചു കിടന്നുറങ്ങിക്കോ' അച്ഛമ്മയുടെ ഉപദേശം.. ശിരസാവഹിച്ചു കഴിക്കലും ഉറങ്ങാന്‍ കിടന്നതും ശീഖ്രം നടന്നു...

ഡാ പോത്തേ എണീക്കെടാ എന്ന അലര്‍ച്ച കേട്ടാണ്‌ ഉണര്‍ന്നത്... പെട്ടെന്ന് ഒന്നും പിടികിട്ടിയില്ലാ.. സ്ഥലകാല ബോധം വന്നപ്പോള്‍ മനസ്സിലായി.. ട്രെയിനിന്റെ ബര്‍ത്തിലാണ് കിടക്കുന്നത്.. അതും ഏറ്റവും മുകളില്‍.. എന്നിട്ടും ഞാന്‍ താഴെ വീണിട്ടില്ല !.. വീട്ടില്‍‌, കിടക്കയില്‍ ഉറങ്ങാന്‍ കിടന്നു തറയില്‍ ഉറങ്ങിയെഴുന്നെല്‍കുന്നത് ശീലമാക്കിയ ഞാന്‍ കിടന്നിടത്ത് തന്നെ ഉറങ്ങിയെഴുന്നെല്കുന്ന മഹാല്ഭുതവും ട്രെയിന്‍ യാത്രയില്‍ സംഭവിച്ചു... പല്ല് തേപ്പു കഴിഞ്ഞെത്തിയപ്പോഴേക്കും അപ്പന്‍ എല്ലാവര്ക്കും ചായ വാങ്ങിച്ചിരുന്നു.. (വെറും ചായ മാത്രം.. ) പിന്നെ വീട്ടില്‍‌ നിന്നും പൊതിഞ്ഞെടുത്ത വട്ടയപ്പം, ബിസ്കറ്റ്‌ .. അപ്പന്റെ അനൌന്‍സ്മെന്റ് അടുത്താണ് നമ്മള്‍ ഇറങ്ങുന്ന സ്റ്റേഷന്‍ (തിരുച്ചിരപ്പള്ളി). അവിടെ നിന്നും വേറേ ട്രെയിനില്‍ ആണ് പോവേണ്ടത്‌.. ഇനിയും ട്രെയിനില്‍ ആണ്.. ഇന്ന് പകല്‍ എങ്കിലും കാഴ്ചകള്‍ ഒക്കെ കാണണം.. മനസ്സില്‍ കണക്കു കൂട്ടല് നടത്തി..
തിരുച്ചിരപ്പള്ളി റെയില്‍വേ സ്റ്റേഷന്‍.. അന്ന് വരെ കണ്ടിട്ടുള്ളതില്‍ വലിയ സ്റ്റേഷന്‍.. നിര്‍ത്തിയിട്ടിരിക്ക്ന്ന നിരവധി ട്രെയിനുകള്‍.. അസംഖ്യം യാത്രക്കാര്‍.. ഇവരെല്ലാം എവിടെക്കായിരിക്കും പോവുന്നത് എന്നൊക്കെയുള്ള ചിന്തകള്‍ കാട് കയറുമ്പോള്‍ മുന്നിലൂടെ ആപ്പിള്‍ , മുന്തിരി, മാമ്പഴം ഒക്കെ ഉന്തുവണ്ടിയില്‍ നിരത്തി, പാവപ്പെട്ട കുട്ടികളെ വഴിപിഴപ്പിക്കാന്‍ ഒരു കശ്മലന്‍ വരുന്നു.. അവന്റെ പ്രലോഭനങ്ങളില്‍ ഞാനെങ്ങാനും വീണു പോവുമോ എന്ന് ഭയന്നിരിക്കെ ഒരു അത്ഭുത പ്രഖ്യാപനം അപ്പന്റെ വക..
നമുക്കോരോ മസാല ദോശ കഴിക്കാം !...
കേട്ടത് സത്യമാണോ എന്നറിയാന്‍ ഞാന്‍ അനിയത്തിയെ ഒന്നു കിള്ളി നോക്കി.. സത്യമായിരുന്നു... അവള്‍ വലിയ വായില്‍ നിലവിളിച്ചു.. റെയില്‍വേ സ്റ്റേഷന്‍ ആയതുകൊണ്ട് പ്രത്യാഘാതം ഒരു കിഴുക്കില്‍ ഒതുങ്ങി.. സത്യം സത്യം .. എനിക്കും വേദനിച്ചു.. എല്ലാ വേദനയും മറക്കൂ എന്നസാന്ത്വനവുമായി എന്റെ മുന്നിലേക്ക് സുന്ദരി എത്തി.. സ്വര്‍ണ വര്‍ണത്തില്‍ , വടയുടെയും സാമ്പാര്‍ ചമ്മന്തി മുതലായ കൂട്ടുകാരികളുടെയും അകമ്പടിയോടെ ജീവിതത്തിലെ ആദ്യത്തെ മസാല ദോശ.. പിന്നെയും ഒരുപാടു മസാല ദോശയും വടകളും എന്റെ മുന്നിലൂടെ കടന്നു പോയിട്ടുണ്ടെങ്കിലും സുന്ദരിയുടെ അടുത്ത്‌ നില്‍കാന്‍ യോഗ്യതയുള്ള ഒരാളെയും ഞാന്‍ പിന്നീട് കണ്ടുമുട്ടിയില്ലാ.. ആദ്യത്തെ പ്രണയം, ആദ്യത്തെ ചുംബനം ഒക്കെ പോലെ എന്റെ ആദ്യത്തെ മസാല ദോശയും.. മനസ്സില്‍ അങ്ങനെ പൂത്തുലഞ്ഞു നില്ക്കുന്നു.
അപ്പൊ പറഞ്ഞു വന്നത് .. അങ്ങനെ മാസാല ദോശയും ശാപ്പിട്ടു കാത്തിരുന്ന ഞങ്ങളുടെ മുന്നിലേക്ക് നാഗപട്ടനതിനുള്ള തീവണ്ടി വന്നു നിന്നു.. സെരിക്കും തീവണ്ടി... കല്കരി ഉപയോഗിച്ചു ഓടുന്ന സാക്ഷാല്‍ തീവണ്ടി, സൈഡ് സീറ്റ് പിടിക്കാനുള്ള യുദ്ധത്തില്‍ അനിയത്തിയെ തോല്പിച്ച ആഹ്ലാദം നിമിഷങ്ങളുടെ ആയുസ്സ് മാത്രമെ ഉണ്ടായിരുന്നുള്ളൂ.. ജനല്‍ തുറന്നിട്ടാല്‍ കണ്ണില്‍ കരി പോവും.. അതിനാല്‍ ഗ്ലാസ്‌ ഇട്ടിട്ടുള്ള കാഴ്ച കാണല്‍ മതി... നോക്കണേ.. ജനിച്ചിട്ട്‌ വെള്ളമെന്ന വസ്തു കണ്ടിട്ടില്ലാത്ത ഗ്ലാസില്‍ കൂടെ കാണുന്നതിലും നല്ലത് ഷട്ടര്‍ ഇട്ടിരിക്കുന്നതാണ്.. എങ്കിലും തോല്കാന്‍ മനസ്സില്ലാത്ത ഞാന്‍ ഗ്ലാസില്‍ ഇത്തിരി വെള്ളമൊക്കെ ഇട്ടു തുടച്ചു അത്യാവശ്യം കാഴ്ച കാണാന്‍ പറ്റുന്ന തരത്തില്‍ ആക്കി.. ഏപ്രില്‍ മാസത്തിലെ തമിഴ്‌ ചൂടു പൊള്ളിക്കാന്‍ തുടങ്ങുന്നു.. വണ്ടിയിലെ കറങ്ങുന്ന ഫാനില്‍ നിന്നു പോലും വരുന്നതു ചൂടു കാറ്റ്‌.. സഹിക്കാതെ നിവൃത്തിയില്ല.. വണ്ടി നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന തരിശു നിലങ്ങളും വറ്റിവരണ്ട പുഴകളും ഒക്കെ പിന്നിട്ടു പായുകയാണ്.. ഇടയ്ക്ക് അപ്പന്റെ വക അല്പം ജനറല്‍ നോലെജ്‌ .. തിരുച്ചിരപ്പള്ളി വരെ മാത്രമെ ബ്രോഡ്‌ ഗജ് ഉള്ളു... അവിടന്നങ്ങോട്ട് മീറ്റര്‍ ഗജ് ആണ്.. അതിനാലാണ് കരിവണ്ടി.. തരിശു നിലങ്ങള്‍ പിന്നിട്ട തീവണ്ടി വിളഞ്ഞു കിടക്കുന്ന നെല്പാടങ്ങല്കിടയിലൂടെ കൂവിപ്പായുകയാനിപ്പോള്‍... ഇതാണ് തന്ജാവുര്‍ .. തമില്നാടിന്റെ നെല്ലറ. നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പച്ചപ്പാടം.. ഇടയ്ക്ക് കാവല്കാരെ പോലെ തല ഉയര്ത്തി നില്‍കുന്ന കരിമ്പനകള്‍.. നിറം മങ്ങിയ ഗ്ലാസ്സിലൂടെ കണ്ട പാടങ്ങളുടെ പച്ചപ്പ്‌ ഇപ്പോഴും മനസ്സില്‍ മായാതെ നില്കുന്നു..

തന്ജാവുര്‍ സ്റ്റേഷനില്‍ എത്തിയപ്പോഴേക്കും കരുതിയിരുന്ന വെള്ളമൊക്കെ തീര്ന്നു.. പത്തു മിനിറ്റ് അവിടെ വിശ്രമത്തിന് ശേഷമാണ് വണ്ടി പോവുകയുള്ളു.. അപ്പന്‍ ഒന്നു രണ്ടു കുപ്പികളും ആയി വെള്ളം പിടിക്കാന്‍ ഇറങ്ങി.. സ്റ്റേഷനില്‍ ഒരു സ്ത്രീ ഒരു വലിയ പാത്രത്തില്‍ നിന്നും വെള്ളം മുന്നില്‍ വെച്ചിരിക്കുന്ന ഗ്ലാസ്സിലേക്ക്‌ പകര്ന്നു നല്‍കുന്നുണ്ട്.. അപ്പന്‍ കുപ്പികളില്‍ വെള്ളം നിറയ്ക്കുന്ന നേരം ഞാന്‍ നിറച്ചു വെച്ചിരുന്ന ഗ്ലാസ്‌ എടുത്തു ഒറ്റ വലിക്കു തീര്ത്തു.. വെള്ളം പകര്ന്നു നല്കുന്ന തമിഴത്തി ഉച്ചത്തില്‍ ചീത്ത വിളിച്ചപ്പോ ഞാന്‍ വിചാരിച്ചത് കാശ് കൊടുക്കാതെ കുടിച്ചിട്ടായിരിക്കും എന്നാണു.. പോക്കറ്റില്‍ നിന്നും അമ്പതു പൈസ എടുത്ത്‌ നീട്ടിയ എനിക്ക് പിന്നെയും ചീത്ത.. എന്നെയും പിടിച്ചു വലിച്ചു വണ്ടിയില്‍ കയറിയ അപ്പനാണ്, ചീത്ത വിളിക്കാനുണ്ടായ കാരണം പറഞ്ഞു തന്നത്.. തമിഴ്‌നാട്ടില്‍ ആരും ഗ്ലാസ്‌ ചുണ്ടില്‍ മുട്ടിച്ച് വെള്ളം കുടിക്കില്ലത്രേ... ഞാന്‍ ആണെങ്കില്‍ വീട്ടിലെ പോലെ ഗ്ലാസ്‌ പകുതി വായ്ക്കുള്ളില്‍ ആക്കിയാണ് കുടിച്ചത്.. ഇനിയിപ്പോ വെള്ളം ഗ്ലാസില്‍ തൊടാതെ കുടിക്കാനും പഠിക്കണം... അതിനിടയില്‍ തന്ജാവുരില്‍ നിന്നും വാങ്ങിച്ച പാര്‍സല്‍ ഊണ് രുചിയറിഞ്ഞു കഴിക്കാന്‍ പറ്റിയില്ല.. അത്തിപ്പഴം പഴുക്കുമ്പോ കാക്കക്ക് വായില്‍ പുണ്ണ്...

വൈകിട്ട് നാലരയോട് കൂടി നാഗപട്ടണം സ്റ്റേഷനില്‍ എത്തി.. ഒരു പഴയ ഇരുണ്ട സ്റ്റേഷന്‍.. ഇരുട്ടിനു ഒന്നു കൂടി കട്ടി കൂടിക്കോട്ടെ എന്ന് കരുതിയാവണം ചുവന്ന ചായവും പൂശി വെച്ചിരിക്കുന്നത്‌.. സ്റ്റേഷന് പുറത്തു വേളാങ്കണ്ണി പള്ളിയിലേക്ക് യാത്രക്കാരെ കൊണ്ടുപോവാന്‍ ബസ്സ് തുടങ്ങി കുതിരവണ്ടിവരെയുള്ളവ കാത്തു കിടക്കുന്നു.. വണ്ടികളില്‍ ആളെ കയറ്റാന്‍ വിളിച്ചു കൂവലും വിലപേശലും ആകെ ബഹളമയം.. വിലയെല്ലാം പറഞ്ഞു ഉറപ്പിച്ച് ഒരു മിനി ബസ്സില്‍ കയറിപ്പറ്റി.. വണ്ടി ഓടി തുടങ്ങിയതും ഡ്രൈവര്‍, പാട്ടു പെട്ടി തുറന്നു.. കാതടപ്പിക്കുന്ന ശബ്ദത്തില്‍ വേളാങ്കണ്ണി അമ്മയെക്കുറിച്ചുള്ള ഒന്നു രണ്ടു ഭക്തി ഗാനങള്‍ക്ക് ശേഷം പിന്നെ തമിഴ്‌ സിനിമ ഗാനങ്ങളുടെ ഒരു ചെറിയ പൂരം.. ഡ്രൈവര്‍ വണ്ടി പറപ്പിച്ചു വിടുകയാണ്.. പേരിനു മാത്രം ടാര്‍ ചെയ്ത വഴിയിലൂടെയുള്ള യാത്ര.. ഞങ്ങള്‍ കുട്ടികള്‍ക് രസം ആയിരുന്നെങ്കിലും മുതിര്‍ന്നവരുടെ കാര്യം കഷ്ടമായിരുന്നു... അത് ബസ്സില്‍ നിന്നും രക്ഷപെട്ടു എന്നപോലെ പുറത്തു ചാടിയ അമ്മായിയെയും അച്ഛമ്മയേയും കണ്ടപ്പോഴാണ് ബോധ്യമായത്.. (ഇനി ഒരു കുഴമ്പിട്ടു തിരുമ്മല്‍ ഇല്ലാതെ നടുവ് നിവരില്ലെന്ന മട്ടിലുള്ള നില്‍പ്‌.. ).. പാവങ്ങള്‍...

ഞങ്ങളിതാ വേളാങ്കണ്ണി പള്ളിയുടെ മുന്‍പില്‍ എത്തിയിരിക്കുന്നു.. കുഞ്ഞുന്നാളില്‍ അമ്മ വീട്ടില്‍ പോവുമ്പോഴാണ് ആദ്യം മനോഹരമായ പള്ളിയുടെ ഫോട്ടോ കണ്ടത്.. പിന്നീടെപ്പോഴോ വീട്ടിലും അതെത്തി.. അത് കാണുമ്പോഴൊക്കെ ഒരിക്കല്‍ അവിടെ പോവണമെന്ന ആഗ്രഹത്തിന്റെ പൂര്‍ത്തീകരണം ആണിത്.. ഇടവക പള്ളിയിലെ ഉള്ളതിന്റെ ആയിരം മടങ്ങ് കടകളും ആളുകളും, തിരക്കും... അതിനെല്ലാം മേലെ തന്നിലേക്ക് മാടി വിളിക്കുന്ന പള്ളിയുടെ ഉയര്ന്നു നില്‍കുന്ന ഗോപുരങ്ങള്‍.. പതിനാറാം നൂറ്റാണ്ടിലാണ് ആദ്യമായി മാതാവ് പ്രത്യക്ഷപ്പെട്ടതായി വിശ്വസിക്കുന്നത്.. ഒരു പാല്കാരന്‍ ബാലന് മുന്‍പില്‍ പ്രത്യക്ഷപ്പെട്ട മാതാവിന് ബാലന്‍ തന്റെ പാല്‍ പാത്രത്തില്‍ നിന്നും പകര്ന്നു നല്കി.. പാല് കൊടുക്കേണ്ട വീട്ടില്‍ ബാലന്‍ സംഭവിച്ചതെല്ലാം തുറന്നു പറഞ്ഞു.. പക്ഷെ പകര്ന്നു കൊടുത്തിട്ടും നിറഞ്ഞിരിക്കുന്ന പാല്‍ പാത്രമാണ് അയാള്‍ക്ക് കാണാന്‍ കഴിഞ്ഞത്.. എന്തോ അത്ഭുതം സംഭവിച്ചിട്ടുണ്ടെന്ന് മനസ്സിലായ അയാള്‍ ബാലനോപ്പംപാല് പകര്ന്നു കൊടുത്ത സ്ഥലത്തെത്തി.. അവര്‍ക്ക് മുന്നില്‍ വീണ്ടും മാതാവ് ഉണ്ണി യേശുവെനോടൊപ്പം പ്രത്യക്ഷയായി.. അങ്ങനെ മാതാവ് പ്രത്യക്ഷപ്പെട്ട കുളത്തിനു അവര്‍ മാതാ കുളം എന്ന് പേരു വിളിച്ചു.. കുളം ഇപ്പോഴും ഭംഗിയായി സംരക്ഷിച്ചിരിക്കുന്നു... കുളം ഒരു ചെറിയ കിണര്‍ ആയി മാറിയിരിക്കുന്നു.. സമീപത്തു തന്നെ മാതാവ് പ്രത്യക്ഷപ്പെട്ടതിന്റെ ഒരു ചിത്രീകരണവും ഉണ്ട്... അവിടെയാണ് മാതാവ് പ്രത്യക്ഷപ്പെട്ട കുളത്തില്‍ നിന്നുള്ള വിശുദ്ധ ജലവും വിതരണം ചെയ്യുന്നത്..

പതിനാറാം നൂറ്റാണ്ടില്‍ ഒരിക്കല്‍ കൂടി മാതാവ് അവിടെ പ്രത്യക്ഷയായി.. വെണ്ണ നല്കിയ ബാലനോട് ആവശ്യപ്പെട്ടത്‌ പ്രകാരം അവന്‍ നാകപട്ടനത്തുള്ള ഒരു ധനികനെ വിവരങ്ങള്‍ അറിയിച്ചു.. അദ്ദേഹമാണ് മാതാവിനെ ആരാധിക്കാന്‍ സ്ഥലത്തു ഒരു ചെറിയ ദേവാലയം പണി കഴിപ്പിച്ചത്... വീണ്ടും പതിനേഴാം നൂറ്റാണ്ടില്‍ മാതാവിന്റെ അത്ഭുത പ്രവൃത്തി ഉണ്ടായി... ഇന്ത്യന്‍ മഹാ സമുദ്രത്തിലൂടെ ചൈനയില്‍ നിന്നും കൊളംബോ യിലേക്ക് പോവുകയായിരുന്ന പോച്ചുഗീസുകാരുടെ ഒരു കപ്പല്‍ കൊടുങ്കാറ്റില്‍ പെട്ട്.. മുങ്ങാന്‍ തുടങ്ങി.. അവര്‍ മാതാവിനോട് തങ്ങള്‍ സുരക്ഷിതയായി എത്തിച്ചേരുന്ന സ്ഥലത്തു ഒരു ചാപ്പല്‍ നിര്‍മ്മിച്ച് ആരാധന നടത്തി കൊള്ളാം എന്ന് പ്രാര്‍ത്ഥിച്ചു.. മാതാവിന്റെ വലിയ അത്ഭുതത്താല്‍ സമുദ്രം ശാന്തമാവുകയും അവര്‍ വേളാങ്കണ്ണി തീരത്ത് സുരക്ഷിതരായി ഇറങ്ങുകയും ചെയ്തു.. നാവികര്‍ അന്നുണ്ടായിരുന്ന ചെറിയ ആരാധനാലയത്തിന്റെ സ്ഥാനത്ത് ഒരു വലിയ ചാപ്പല്‍ നിര്‍മ്മിച്ച് ആരാധന നടത്തി... ഒരു സെപ്ത്മെബെര്‍ എട്ടാം തിയതിയാണ് അവര്‍ സുരക്ഷിതരായി കരയില്‍ ഇറങ്ങിയത്‌.. ഓര്‍മയില്‍ ഇന്നും അവിടത്തെ പ്രധാന പെരുന്നാള്‍ ആയി ആഘോഷിക്കുന്നു...


ചരിത്രമൊക്കെ അച്ഛമ്മയില്‍ നിന്നും അപ്പനില്‍ നിന്നുമൊക്കെ പകര്ന്നു കിട്ടുമ്പോ തിരക്കും ബഹളവുമോന്നുമില്ലാത്ത ഒരു സ്ഥലമായിരുന്നു മനസ്സില്‍... എന്നാല്‍ ഇവിടെയോ?.. വലിയൊരു പൂരം നടക്കുന്ന പോലെ.. എന്തായാലും പള്ളിയോടു ചേര്‍ന്നുള്ള ഒരു ലോഡ്ജില്‍ താമസിക്കാന്‍ സ്ഥലം കിട്ടി.. roominodu


FEEDJIT Live Traffic Feed

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഞാൻ, ജീവിതത്തിന്റെ ഈ നട്ടുച്ച നേരത്തു ദുബായിയിൽ ഒരു തണലുണ്ടാവുമെന്ന പ്രതീക്ഷയിൽ...നടന്നു തീർത്ത വഴികളും, കൊഴിഞ്ഞു പോയ ഇന്നലേകളും മടങ്ങി വരില്ലെന്ന വേദനയോടെ....