2011, നവംബർ 26, ശനിയാഴ്‌ച

മുല്ലപ്പെരിയാറിന്റെ രാഷ്ട്രീയം

സുരേഷ് ഗോപിയുടെ പടങ്ങള്‍ പണ്ടേപോലെ ഏശുന്നില്ല എങ്കിലും, മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ തന്റെ അഭിപ്രായം പറയാന്‍ കാണിച്ച ചങ്കൂറ്റത്തിനു ഹാട്സ് ഓഫ്‌... വെള്ളിത്തിരയിലും പുറത്തും രാജാക്കന്മാരെ പോലെ വിലസുന്ന വേറൊരു സൂപ്പര്‍ മെഗാ താരവും ഇതുവരെ കമാ എന്നൊരക്ഷരം ഈ വിഷയത്തില്‍ പറഞ്ഞിട്ടില്ല എന്നതുകൂടി ഓര്‍ക്കുമ്പോള്‍ അദ്ദേഹത്തെ ജനകീയ സൂപ്പര്‍ സ്റ്റാര്‍ എന്ന് വിശേഷിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആസ്ഥാന ഗായകന്‍ യേശുദാസ് വേണ്ടതിനും വേണ്ടാത്തതിനും ഒക്കെ നാട്ടുകാരെ ഉപദേശിക്കാനും കഴിഞ്ഞ ഇലക്ഷന്‍ കാലത്ത് കൊച്ചിയിലെ ഒരു റെയില്‍വേ മേല്‍പ്പാലം ആവശ്യപ്പെട്ടു റെയില്‍വേ ട്രാക്കില്‍ മലര്‍ന്നു കിടക്കും എന്ന് പ്രഖ്യാപിക്കാനും കാണിച്ച ഉത്സാഹത്തിന്റെ നാലിലൊന്ന് ഈ വിഷയത്തില്‍ കാണിച്ചു കണ്ടില്ല. (അദ്ദേഹത്തിന്റെ വേണ്ടപ്പെട്ടവരെല്ലാം താമസിക്കുന്നത് ചെന്നൈയില്‍ ആണെന്ന് അറിയാതെ അല്ല ഇത് പറയുന്നത്). അതുപോലെ പേരെടുത്തു പറയാന്‍ ആണെങ്കില്‍ മലയാളത്തിലെ എല്ലാ അലവലാതികളേയും പറയേണ്ടി വരും എന്നതിനാല്‍ ആ ശ്രമം ഉപേക്ഷിക്കുന്നു.

എന്നാല്‍ രാഷ്ട്രീയത്തില്‍ സ്ഥിതി മറിച്ചാണ്. നമ്മുടെ മുഖ്യന്‍ ഉള്‍പ്പെടെ മിക്കവാറും എല്ലാവരും ഈ വിഷയത്തില്‍ പ്രതികരിച്ചു കഴിഞ്ഞു. മുഖ്യന്‍ പറഞ്ഞത് ആരും പേടിക്കേണ്ടാ അദ്ദേഹം ദൈവം സഹായിച്ചാല്‍ ഇനിയുള്ള അഞ്ചു വര്ഷം ജനസംബര്‍ക്കവുമായി കാസര്ഗോഡ്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം എന്നീ ജില്ലകളില്‍ പര്യടനത്തില്‍ ആയിരിക്കും എന്നാണു. അടുത്ത ഇലക്ഷന് മുന്‍പ് ഡാം എങ്ങാനും പൊട്ടി പുതുപ്പള്ളി ഒലിച്ചുപോയാല്‍ മത്സരിക്കാന്‍ വയനാടും, കോഴിക്കോടും ഒക്കെ ഉണ്ടല്ലോ. കുമ്പളങ്ങിക്കാരന്‍ തോമസ് ചേട്ടന്‍ ഒരു പടി കൂടി കടന്നു തമിഴ്നാടും കേരളവുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കണം എന്നാണു പറഞ്ഞിരിക്കുന്നത്. ജയലളിതയുമായി ചര്‍ച്ചക്ക് കേരളത്തിന്റെ പ്രതിനിധിയായി അദ്ദേഹം തന്നെ പോവുമെന്നാണ് എന്റെ പ്രതീക്ഷ. ഡല്‍ഹിക്ക് പോകാറുള്ളത് പോലെ കക്ഷത്തില്‍ കരിമീന്‍ വറുത്തതിന്റെ ഒരു പൊതിയുമായി ചെന്ന് ജയലളിതയെ കൊണ്ട് എല്ലാം സമ്മതിപ്പിച്ചു അവസാനം സ്ലാങ്ക്യു എന്ന് പറയുന്ന തോമാസ് സാറിനെ ഓര്‍ക്കുമ്പോ തന്നെ എനിക്ക് കുളിര് കോരുന്നു. എം ഐ ഷാനവാസിനെ പോലെയുള്ള നപുംസകങ്ങള്‍ ചാനല്‍ ചര്‍ച്ചകളില്‍ കാണിക്കുന്ന വേലകള്‍ കാണുമ്പോള്‍ മുല്ലപ്പെരിയാര്‍ പോട്ടുന്നതാണ് തമ്മില്‍ ഭേദം എന്ന് നാട്ടുകാര്‍ക്ക് തോന്നിയാലും അത്ഭുതമില്ല.

കോണ്ഗ്രസ്സിന്റെ നേതാക്കന്മാരൊക്കെ ഇതുപോലെ മനുഷ്യത്വപരമായ സമീപനം സ്വീകരിച്ചപ്പോള്‍ ഒരു വിമാനയാത്രയോടെ ഇടതു കൈക്ക് സ്വാധീനമില്ലാതെ ആയിപ്പോയ ജലവിഭവ മന്ത്രി മാത്രമാണ് ഒരു എസ് എം എസ് കൂടി അയക്കാന്‍ വയ്യാത്ത കയ്യും പൊക്കി പൊക്കി തമിഴന് നേരെ ആക്രോശിച്ചത്. പുതിയ ഡാമിന്റെ കാര്യത്തില്‍ ഒരു വിട്ടു വീഴ്ചയും ഇല്ലെന്നു അദ്ദേഹം പ്രഖ്യാപിച്ചത് സ്വന്തം വീടും പറമ്പും കന്നുകാലികളും തൊടുപുഴയില്‍ ആയതുകൊണ്ട് മാത്രം ആണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. പിന്നെ മദ്യ (കള്ള് തന്നെയാണ്) കേരള കോണ്‍ഗ്രസിന്റെ എല്ലാം എല്ലാം ആയ മാണിസാറും ശക്സ്തമായി രംഗത്ത് വന്നു കഴിഞ്ഞിട്ടുണ്ട്. അദ്ധ്വാനിച്ചുണ്ടാക്കിയ മുതലൊക്കെ വെള്ളം കൊണ്ടുപോവും എന്ന് വന്നാല്‍ ഏതു മാണിക്കും നോവും.

കേരളത്തിന്റെ നടുക്കുള്ള ഈ കനമുള്ള പീസ്‌ ഒഴുകിപ്പോവുന്നതോടെ ശരിക്കും ലാഭം ഉണ്ടാവാന്‍ പോവുന്നത് ഇടതനും വലതനും ആണെന്ന് ആര്‍ക്കാണ് അറിയാത്തത് ?? ഇടതന്റെ അടവ് നയത്തിന്റെ യദാര്‍ത്ഥ കാരണവും അത് തന്നെ ആവാന്‍ ആണ് സാധ്യത. അല്ലെങ്കില്‍ പിന്നെ ഒരു പീക്കിരി ചെറുക്കനെ നാട് കടത്താന്‍ വേണ്ടി ഇവിടം കലാപ ഭൂമി ആക്കിയ യോഗ്യന്മാര്‍ മാളത്തില്‍ കയറി ഒളിച്ചതിന്റെ കാരണം എന്തായിരിക്കും ?? കോടതിയെ അധിക്ഷേപിച്ചു ശിക്ഷ ഇരന്നു വാങ്ങിയ ശുംഭന് ജയ് വിളിക്കാന്‍ കൂടിയ അലവലാതികള്‍ ഒരെണ്ണം പോലും ഇതിനെക്കുറിച്ച്‌ മിണ്ടാത്തതിനു കാരണം എന്തായിരിക്കും? ഇടതന്റെയും വലതന്റെയും സ്വപ്നങ്ങളില്‍ ഇപ്പോള്‍ നിറയുന്നത് കേരളത്തിന്റെ നടുക്ക് കിടന്നു മസിലുപിടിക്കുന്ന കേരള കോണ്‍ഗ്രസ്സുകാരുടെ ശല്യം മുല്ലപ്പെരിയാറിന്റെ കൂടെ തീരുന്നതും അതിനു ശേഷം സ്വസ്ഥമായി ഭരണം വീതം വെച്ച് കളിക്കുന്നതുമായിരിക്കും.. 35 ലക്ഷം ജനത്തിന്റെ പേടിസ്വപ്നം ചിലര്‍ക്ക് നിറമുള്ളത് ആവുന്നതും അങ്ങനെയാണ്.

FEEDJIT Live Traffic Feed

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഞാൻ, ജീവിതത്തിന്റെ ഈ നട്ടുച്ച നേരത്തു ദുബായിയിൽ ഒരു തണലുണ്ടാവുമെന്ന പ്രതീക്ഷയിൽ...നടന്നു തീർത്ത വഴികളും, കൊഴിഞ്ഞു പോയ ഇന്നലേകളും മടങ്ങി വരില്ലെന്ന വേദനയോടെ....