2009, ഡിസംബർ 22, ചൊവ്വാഴ്ച

ഒരു റിയൽ പ്രേതാനുഭവം

2000 ഫെബ്രുവരി 11 വെള്ളിയാഴ്ച. ജീവിതത്തിലെ ഒരിക്കലും മറക്കാനാകാത്ത ഒരു ദിവസമായിക്കും എന്ന ഒരു സൂചനയും ഇല്ലാതെ ഒരു പതിവു ദിവസം. പിന്നെ പ്രത്യേകത എന്നു പറയാൻ, അടുത്തുള്ള അംബലത്തിൽ ഉത്സവം നടക്കുന്നതു മാത്രമാണു. പക്ഷെ നാടകം ഒരു ക്രേസല്ലാത്തതുകൊണ്ടു അംബലത്തിൽ പോകാനുള്ള ഒരു താൽപര്യമില്ലായ്മയും. വൈകിട്ട്‌ സലിയെ കണ്ടപ്പൊഴാണു ഉത്സവത്തിനു പോവാനുള്ള ഒരു ഉത്തേജനം ഉണ്ടാവുന്നത്‌. സലി ആരാണെന്നല്ലേ?.. എന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ, വെറുമൊരു കൂട്ടുകാരൻ മാത്രമല്ല, ആത്മ മിത്രം. പരസ്പരം അറിയാത്ത ഒരു രഹസ്യവും ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നില്ല. എല്ലാ തരികിടകൾക്കും ഞങ്ങൾ ഒരുമിച്ചായിരുന്നു. അതുകൊണ്ടുള്ള ഒരു കുഴപ്പം എന്റെ അമ്മക്കു അവനെയോ അവന്റെ അമ്മക്കു എന്നെയോ കാണുന്നതു ചെകുത്താൻ കുരിശു കാണുന്നതിനു തുല്യം ആയിരുന്നു.. എന്റെ അമ്മയുടെ വിചാരം എന്നെ ചീത്തയാക്കാൻ വേണ്ടി ജനിച്ച ചെകുത്താന്റെ സന്തതിയാണു സലി എന്നാണു. അവന്റെ അമ്മയും എന്നെക്കുറിച്ചു ഏതാണ്ടു അങ്ങനെയൊക്കെ തന്നെയാണു ചിന്തിക്കുന്നതു എന്നു അവരുടെ പെരുമാറ്റത്തിൽ നിന്നും മനസ്സിലായിരുന്നതു കൊണ്ടു ഞങ്ങളുടെ സമാഗമങ്ങൾ ഒരു കാമുകീ കാമുക സംഗമം പോലെ രഹസ്യമായിരുന്നു.

എന്നും സന്ധിക്കാറുള്ള തെങ്ങിൻ തോപ്പിൽ വെച്ചാണു അവൻ ആ ഹോട്ട്‌ ന്യൂസ്‌ പറയുന്നതു. തിരുവാങ്കുളം ദേവിയിൽ പുതിയ സിനിമ വന്നിരിക്കുന്നു. കലക്കനൻ പോസ്റ്റർ ആണു. പിന്നെ അവൻ പോസ്റ്റർ ഒട്ടിക്കാൻ വന്ന ചേട്ടനൊടും ചോദിച്ചു. പുള്ളിക്കാരനും പറഞ്ഞതു ഇംഗ്ലീഷ്‌ പടം ആണെങ്കിലും തീയെറ്ററുകാരുടെ വക അത്യാവശ്യം മലയാളവും ഇടക്കുണ്ടെന്നാണു. ഇതൊക്കെ കേട്ടാൽ പിന്നെ ചോരയും നീരുമുള്ള ഒരു യുവാവിനു എങ്ങനെ അടങ്ങി ഇരിക്കാൻ കഴിയും?.. പോവാൻ തന്നെ തീരുമാനിച്ചു. മാസ്റ്റർ പ്ലാൻ അപ്പോൾ തന്നെ തയ്യാറാക്കി. ബൈക്ക്‌ ടയറിന്റെ കാറ്റ്‌ അപ്പൊഴെ കുത്തികളഞ്ഞു, എന്നിട്ടു പതിയെ ഉന്തി ഉരുട്ടി ഞാൻ അമ്മയുടെ അടുത്തെത്തി. ടയർ പഞ്ചർ ആയെന്നും ഒട്ടിക്കാൻ ഒട്ടിക്കാൻ കൊടുക്കാൻ പോവുകയാണെന്നും അറിയിച്ചു. ഏന്റെ ദയനീയ നിലയും ബൈക്ക്‌ ന്റെ കാറ്റില്ലാത്ത ടയറുമൊക്കെ കണ്ട അമ്മ തിരിച്ചു വരും വഴി കടയിൽ നിന്നും വാങ്ങിക്കാനുള്ള സാധങ്ങളുടെ ലിസ്റ്റ്‌ ഉം തന്നുവിട്ടു. ഒരു നല്ല കാര്യത്തിനാണല്ലോ ഈ കഷ്ടപ്പാടൊക്കെ എന്നു സമാധാനിച്ചു ലിസ്റ്റും സഞ്ചിയും ഒക്കെ വാങ്ങി കടയിലേക്കു വെച്ചുപിടിച്ചു. വർക്ക്ഷോപ്പിലെ എയർ പംബിൽ നിന്നും ആവശ്യത്തിനു കാറ്റടിച്ച്‌ കൃത്രിമ പഞ്ചർ മാറ്റി. ബൈക്ക്‌ 9 മണിക്ക്‌ വർക്ക്ഷോപ്‌ അടക്കുന്നതിനു മുൻപു എടുത്തൊളാം എന്ന ഉറപ്പിൽ സണ്ണി ചേട്ടനെ ഏൽപിച്ചു. കടയിൽ നിന്നും സാധങ്ങൾ വാങ്ങി മടങ്ങുബോൾ ഭാർഗവി ചേച്ചിയുടെ പെട്ടിക്കടയിൽ ഒട്ടിച്ചിരിക്കുന്ന പോസ്റ്ററിൽ ഒന്നു കണ്ണോടിച്ചു. ലേഡി വാംബയർ. സുതാര്യമായ ഒരു അടിയുടുപ്പുമിട്ടു ചുണ്ടിൽ കുറച്ചു ചോരയുമായി ഒരു മദാലസ. അവൾ ചാരിനിൽക്കുന്നതു പോസ്റ്ററിൽ മുഴുവനുമെത്തുന്ന ഒരു പടുകൂറ്റൻ "എ" യിൽ... ആനന്ദലബ്ദിക്കിനി എന്തു വേണം?.. രണ്ടു കയ്യിലും സഞ്ചിയുമായി വിയർത്തൊലിച്ചു ചെന്ന് അമ്മയോടു വർക്ക്‌ ഷോപ്പിൽ തിരക്കായതിനാൽ ബൈക്ക്‌ രാത്രിയെ കിട്ടുകയുള്ളു എന്നറിയിച്ചു. കൂടെ ഒരു അഭിപ്രായവും പാസാക്കി. " നാടകം കഴിഞ്ഞു വരുംബോൾ ബൈക്ക്‌ എടുത്തുകൊണ്ടു വരാം. " . രാത്രി ആശുപത്രിയിൽ പോകാൻ പോലും ബൈക്ക്‌ എടുക്കാൻ സമ്മതിക്കാത്ത അമ്മയുടെ ആ പരീക്ഷണവും വിജയകരമായി മറികടന്നു.

8.30 നു തന്നെ ഊണൊക്കെ കഴിഞ്ഞു റെഡി ആയിരുന്നു. കൃത്യം 8.45 നു റോഡിൽ നിന്നും വിസിൽ കേട്ടു. സലി എത്തിക്കഴിഞ്ഞു. അല്ലെങ്കിലും അവൻ സിനിമക്കു പോവാൻ എന്നു ഷാർപ്പ്‌ ടൈമിംഗ്‌ ആണു. 'ഞാൻ ഇറങ്ങുവാണെന്ന അറിയിപ്പും ഓടി ഗേറ്റ്‌ കടന്നതും ഒരു നിമിഷം കൊണ്ടു കഴിഞ്ഞു. മറുപടി പറയാനുള്ള ടൈം കിട്ടിയാൽ ചിലപ്പോൾ ഒരു ചെറിയ സാരൊപദേശ പ്രസങ്ഗം തന്നെ നടത്തിക്കളയും. ആതുകേട്ടെങ്ങനെ ഒരു 'എ" പടത്തിനു പോവും? റോഡിൽ കാത്തു നിന്നിരുന്ന സലിയെയും കൂട്ടി വർക്ക്‌ ഷോപ്പിൽ നിന്നും ബൈക്ക്‌ വാങ്ങി നേരെ തിരുവാങ്കുളത്തിനു. ബൈക്ക്‌ ഞാനെടുത്തതിനാൽ സിനിമക്കുള്ള ടിക്കറ്റും ഇടക്കു കൊറിക്കാൻ കപ്പലന്ദിയും അവൻ ഓഫർ ചെയ്തു. തിയെറ്ററിൽ പടം തുടങ്ങാറായിട്ടും വലിയ തിരക്കൊന്നും ഇല്ല. വന്നതു വെറുതെ ആയോ എന്നൊരു ആശങ്ക തോന്നാതിരുന്നില്ല. പിന്നെ ടിക്കറ്റ്‌ ഫ്രീ ആണെന്ന ആശ്വാസവും നാടകത്തിനു പോവാനുള്ള ഇഷ്ടക്കേടും കാരണം വരുന്നിടത്തു വെച്ചു കാണാം എന്നു വെച്ചു.

പടം തുടങ്ങിയപ്പോൾ തിയെറ്ററിൽ ആകെയുള്ളതു ഞാനും സലിയും പിന്നെ അഞ്ചാറു തമിഴന്മാരും. വിശാലമായ തിയെറ്ററിൽ രാത്രിയുടെ നിശബ്ദതയിൽ പെട്ടെന്നു ഒരു അലർച്ച മുഴങ്ങി. എഴുന്നേറ്റ്‌ ഓടിയാലോ എന്ന ഓർത്തെങ്കിലും സലിയുണ്ടല്ലോ എന്ന ധൈര്യത്തിൽ പിടിച്ചിരുന്നു. പണ്ടെങ്ങോ ഒരിക്കൽ പൂംബാറ്റയിൽ വന്ന ഡ്രാക്കുള ചിത്രകധ വായിച്ചു, ഒരു രാത്രി മുഴുവൻ ഉറങ്ങാതെ കഴിച്ചു കൂട്ടിയ വീര ചരിത്രം ഉള്ള എനിക്കു തുടക്കത്തിൽ തന്നെ പടത്തിന്റെ പോക്കു എങ്ങോട്ടാണെന്നു പിടി കിട്ടി. പക്ഷെ എന്തെങ്കിലും ഉണ്ടാവുമെന്ന പ്രതീക്ഷയിൽ പേടിയോടെ ആണെങ്കിലും സ്ക്രീനിൽ കണ്ണും നട്ടിരിക്കുന്ന സലിയെ അതിൽ നിന്നും പിൻ തിരിപ്പിക്കാൻ എനിക്കു കഴിഞ്ഞില്ല. മുക്കാൽ മണിക്കൂറിനു ശേഷം ഇന്റർവെൽ എന്നു സ്ക്രീനിൽ തെളിയും വരെ നീണ്ട ദംഷ്ട്രങ്ങളും ചോരയൊലിക്കുന്ന നാവുമായി അവൾഞങ്ങളെ പേടിപ്പിച്ചു കൊണ്ടേ ഇരുന്നു. ഇന്റർവെലിനു ലൈറ്റ്‌ തെളിഞ്ഞതും ചാടി പുറത്തിറങ്ങി. ഗേറ്റിനോടു ചേർന്നുള്ള കൂടാരത്തിൽ പോസ്റ്റർ ഒട്ടിക്കാൻ വരുന്ന ചേട്ടൻ ഇരുന്നു ഉറക്കം തൂങ്ങുന്നുണ്ട്‌. സലി അയാളെ വിളിച്ചുണർത്തി.
' ഒരു വക മറ്റേ പണി കാണിക്കരുത്‌ കേട്ടൊ "..
സലിയുടെ അമർഷം മുഴുവൻ പുരത്തു ചാടി.
' എന്റെ പൊന്നുമൊനെ ഞാൻ എന്തു ചെയ്യാനാ?.. മാറ്റിനി ഷോ നടക്കുംബൊഴാ പോലീസ്‌ വന്നതു. ഉണ്ടായിരുന്നതൊക്കെ അവന്മാരു കൊണ്ടു പോയി. ഓപ്പരേറ്ററും സ്റ്റേഷനിൽ ആണു. ഇതുവരെ വിട്ടിട്ടില്ല!. എന്നാലും പടത്തിലുള്ളതു കാണിക്കും..'
പടത്തിൽ എന്തൊ ഇരുന്നിട്ടാ?.. ഇതുവരെ അതിനകത്തു കഴിച്ചു കൂട്ടിയതു എങ്ങനെയാണെന്നു ഞങ്ങൾക്കറിയാം...
'ഇന്റർവെൽ കഴിഞ്ഞു കൊള്ളാം എന്നാണു ഒപ്പരേറ്റർ പറഞ്ഞതു' ചേട്ടന്റെ സമാധാനിപ്പിക്കൽ
അതു കേട്ടതും സലിക്കു വീണ്ടും ഇന്ററസ്റ്റ്‌ ആയി.. എന്നാൽ ഇനി പടം കഴിഞ്ഞു കാണാം. ഒരു ഭീഷണിയുടെ സ്വരത്തിൽ ചെട്ടനോടു പറഞ്ഞു അവൻ തിയെറ്റരിലേക്കു നടന്നു. അവനു പുറകെ പോവാതെ വേറേ എന്തു വഴി?..
അങ്ങനെ വീണ്ടും തീയെറ്റരിനു അകത്തു..
തിരിഞ്ഞു നോക്കിയ ഞാൻ നടുങ്ങി പോയി!..
ആദ്യമുണ്ടായിരുന്ന തമിഴന്മാരും സ്ഥലം വിട്ടിരിക്കുന്നു..
ഇപ്പൊ തിയെറ്ററിന്റെ ഭീകരതയിൽ ഞാനും സലിയും മാത്രം.
പടം തുടങ്ങി!.. വീണ്ടും പ്രേതത്തിന്റെ പരിപാടി പഴയതു തന്നെ.. ഏതെങ്കിലും ചോരയും നീരുമുള്ള ചെറുപ്പക്കാരനെ കാണും കെട്ടിപ്പിടിക്കും... അതോടെ അവന്റെ കാര്യം കട്ടപ്പുക!..
പുള്ളിക്കാരിയുടെ പല്ലുകൾ നീണ്ടു വരും, ഇരയുടെ കഴുത്തിൽ പല്ലുകൾ ആഴ്‌ന്നിറങ്ങും.. ചോരകുടിച്ചു കഴിഞ്ഞു നമുക്കു നേരെ തിരിഞ്ഞു ഒരു നോട്ടവും. കർത്താവെ ഞാൻ രണ്ടു മൂന്നു തവണ കഴുത്തിൽ അറിയാതെ തടവി...

ചോരകുടിക്കുന്നതുകണ്ടു കൊതിമാറിയ ഞാൻ സിനിമ കാണുന്ന ഡ്യൂട്ടി സലിയെ ഏൽപിച്ചു. എന്തെങ്കിലും ആവുംബോൾ വിളിക്കാനുള്ള നിർദ്ദേശം കൊടുത്തിട്ടു ഞാൻ മുന്നിലെ സീറ്റിലേക്കു കമിഴ്‌ന്നു കിടന്നു. ഇനി ഒച്ച മാത്രം സഹിച്ചാൽ മതിയല്ലോ....

കുറെക്കഴിഞ്ഞു എല്ലാ ശബ്ദങ്ങളും നിലച്ചപ്പോൾ ഞാൻ പതിയെ എഴുന്നേറ്റു. നോക്കുംബൊൾ സലി ഒരു പ്രതിമ പോലെ ഇരിക്കുന്നുണ്ടു.. പോവാം എന്നു പറഞ്ഞപ്പോൾ എഴുന്നേറ്റു വന്നു.. പക്ഷെ ഒന്നും മിണ്ടുന്നില്ല.. എനിക്കു പേടിയായി.. ഒരു അന്തം വിട്ടുള്ള നോട്ടവും...
കുറേ വിളിച്ചിട്ടു കേൾക്കാതെ ആയപ്പോൾ ഞാൻ അവന്റെ തലക്കു ഒരു അടി പാസ്സാക്കി.. ഒഹ്‌. ആശ്വാസം.. അവൻ നോർമലായി.
പതിയെ ബൈക്ക്‌ സ്റ്റാർട്ട്‌ ചെയ്തു റോഡിൽ ഇറങ്ങി..
വിജനമായ വഴി.. സ്റ്റ്രീറ്റ്‌ ലൈറ്റ്‌ പോലും എല്ലാം കത്തുന്നില്ല..
പേടി മാറാൻ ആയി ഞാൻ ഓരൊന്നൊക്കെ പറയാൻ തുടങ്ങി.. പക്ഷെ എല്ലാം അവസാനം പ്രേതത്തിലാണു ചെന്നു എത്തുന്നതു..
അങ്ങനെ ഞങ്ങൾ തിരുവാങ്കുളത്തിനും ചോറ്റാനിക്കരക്കും ഇടയിൽ ഇരട്ടക്കുളം എന്നു പേരുള്ള ഒരു സ്ഥലമുണ്ട്‌. വീടുകൾ ഒന്നുമില്ലാത്ത വിജനമായ ഒരിടം. അവിടെ ആകെയുള്ളത്‌ ഒരു പഴയ ഇരുനില വീടും റോഡിനോടു ചേർന്നു രണ്ടു വലിയ കുളങ്ങളും ആണു.. ചുറ്റും ആൾപാർപ്പില്ലാത്ത കാടുപിടിച്ച പകൽ പോലും ഭീകരത തോന്നിക്കുന്ന ഒരു അന്തരീക്ഷം...
ആ സ്ഥലത്തോടു അടുക്കാറായതും ബൈക്ക്‌ ന്റെ ലൈറ്റ്‌ പൊടുന്നനെ ഓഫ്‌ ആയി.. വണ്ടി നിർത്തി പരിശോധിക്കാൻ ഒരു സ്റ്റ്രീറ്റ്‌ ലൈറ്റ്‌ പോലും കാണാനില്ല.. സലിയും ഒന്നും മിണ്ടാതെ ഇരിക്കുന്നു.. നിലാവുള്ളതിനാൽ പതിയെ ആണെങ്കിലും ഓ‍ാടിച്ചു കൊണ്ടു പോവാം... പക്ഷെ പോലീസ്‌ എങ്ങാനും കണ്ടാൽ ഉറപ്പായിട്ടും പിടിച്ചു കൊണ്ടു പോവും. തണുപ്പുണ്ടായിട്ടും ഞാൻ വിയർത്തൊഴുകാൻ തുടങ്ങി..

അങ്ങനെ സിനിമക്കു പോരാൻ തോന്നിയ നിമിഷത്തെ ശപിച്ചുകൊണ്ടു ഇരട്ടകുളത്തിനു സമീപം എത്തിയ നേരം.
പൊടുന്നനെ !. ഒരു സ്ത്രീ രൂപം കുളത്തിന്റെ മതിലിൽ നിന്നും റോഡിലേക്കു പറന്നിറങ്ങി.. വെളുത്ത സാരി ധരിച്ച മുടി അഴിച്ചിട്ട ഒരു രൂപം ഞങ്ങൾക്കു ഏതാണ്ടു 25 അടി മുന്നിൽ.. അരിയാതെ എന്റെ കാലുകൾ ബ്രേക്കിൽ അമർന്നു.. വണ്ടി സ്ലൊ ആയതും പടക്കം പൊട്ടുന്ന പോലെ ഒരു അടി പുറത്തു. ഒരു അലർച്ചയും !..
പറപ്പിക്കെടാ വണ്ടി...!
ഇത്രയും നേരം മിണ്ടാതിരുന്ന സലി ആയിരുന്നു അതു... ആ അടിയുടെയും അലർച്ചയുടെയും ശക്തിയിൽ എന്റെ കൈ വീണ്ടും ആക്സിലേറ്ററിൽ മുറുകി.. മുന്നോട്ടായുന്ന ആ സ്ത്രീ രൂപത്തെ കടന്നു വണ്ടി കുതിച്ചു. ഹൃദയമിടിക്കുന്നതു പെരുമ്പറ പോലെ.. മുറുകെപ്പിടിച്ചിരിക്കുന്ന സലി. സ്ട്രീറ്റ്‌ ലൈറ്റ്‌ ഇല്ലാത്ത വഴിയിലൂടെ വണ്ടിക്കു ഹെഡ്‌ ലൈറ്റും ഇല്ലാതെ 8 കിലോമീറ്റർ.. എങ്ങനെയോ വീടിനു മുന്നിലെത്തി.. മൂന്നു വീടുകൾക്കു അപ്പുറം ആണു സലിയുടെ വീട്‌. വിറയലും കിതപ്പും ദാഹം പിന്നെയും എന്തൊക്കെയാണെന്നു തന്നെ നിശ്ചയമില്ല്ലാത്ത വികാരങ്ങൾ.
സലിയുടെ അപേക്ഷ.. എന്നെ വീട്ടിൽ കൊണ്ടുപോയി ആക്കെടാ!...
എനിക്കു ചൊറിഞ്ഞു കയറി... ചുമ്മാതിരുന്ന എന്നെ വിളിച്ചിറക്കി ഈ കുരിശിലൊക്കെ കേറ്റിയിട്ടു അവനെ വീട്ടിൽ കൊണ്ടുപോയി ആക്കാൻ!..
അപ്പൊ പിന്നെ എന്നെ ആരു തിരിച്ചു കൊണ്ടുവന്നു ആക്കും?..
സലിയുടെ ഭാഗ്യം.. നാടകം കഴിഞ്ഞു വരുന്ന ഒരു കൂട്ടരുടെ ഒപ്പം അവനെ പറഞ്ഞു വിട്ടു..
വീട്ടിൽ കയറിയപ്പൊ വിയർത്തു കുളിച്ചിരിക്കുന്ന എന്നെ കണ്ട്‌ അമ്മ..
നീയെന്താ ബൈക്ക്‌ തലയിൽ ചുമന്നാണൊ കൊണ്ടു വന്നതു?..
ബൈക്ക്‌ ന്റെ ലൈറ്റ്‌ പോയതു കൊണ്ടു ഉന്തിയാണു കൊണ്ടു വന്നതു.. മറുപടി അത്രക്കു ത്രിപ്തി ആയില്ലെന്നു തോന്നുന്നു...
കൂടുതൽ ചോദ്യങ്ങൾക്കു ചാൻസ്‌ നൽകാതെ മുറിയിൽ കയറി കതകടച്ചു.. ലൈറ്റ്‌ ഓഫ്‌ ആക്കിയതും ആ വെളുത്ത സാരി തെളിഞ്ഞു വന്നു.. ചാടി ലൈറ്റ്‌ ഇട്ടു..

ലൈറ്റും തെളിച്ചു ഉറങ്ങാതെ ഒരു രാത്രി.. വെളുപ്പിനെ എപ്പൊഴൊ ഉറങ്ങി പോയി..
രാവിലെ വിളിക്കാൻ വന്ന അമ്മ കാണുന്നത്‌ പനിച്ചു വിറച്ചു കിടക്കുന്ന എന്നെയാണു. ഇനി രാത്രിയിൽ മഞ്ഞും കൊണ്ടു നാടകം കാണാൻ പോവുന്നതൊന്നു കാണണം :!.. കുറെ ദേഷ്യപ്പെട്ടെങ്കിലും അമ്മ തന്നെ ആശുപത്രിയിൽ കൂടെ വന്നു.
ഡോക്ടറെ കാണാൻ ഇരിക്കുന്ന് നേരം ഡോക്ടറിന്റെ റൂമിന്റെ വാതിൽ തുറന്നു രണ്ടു പേർ പുരത്തേക്കിറങ്ങി !..
അതു എന്റെ പ്രിയ കൂട്ടുകാരൻ സലിയും അവന്റെ അമ്മയും ആയിരുന്നു..

വർഷങ്ങൾ എത്ര കഴിഞ്ഞു.. പണ്ടത്തെ ഇരട്ടകുളം ഇപ്പൊഴും ഉണ്ടു.. പക്ഷെ അടുത്തൊക്കെ ഇഷ്ടം പോലെ വീടുകൾ.. കാടു പോയിട്ടു ഒരു മരം പോലും അവിടെങ്ങും ഇല്ല.. എന്നാലും ആ വഴി പോവുംബോൾ ഒരു നിമിഷം ഹ്രുദയം ഒന്നു തുടിക്കും.. ആ ഓർമ്മയിൽ....

2009, ഡിസംബർ 13, ഞായറാഴ്‌ച

കട്ടച്ചിറ പള്ളീയിലെ ദിവ്യാൽഭുതം

കൊല്ലം ജില്ലയിലുള്ള കട്ടച്ചിറ പള്ളിയിലാണു ഈ അൽഭുതം നടന്നുകൊണ്ടിരിക്കുന്നതു.. കഴിഞ്ഞ അൻപതിലേറെ ദിവസങ്ങളിലായി പള്ളിയിൽ വച്ചിരിക്കുന്ന മാതാവിന്റെ ചിത്രത്തിൽ നിന്നും ധാര ധാരയായി കണ്ണൂനീർ ? പ്രവഹിക്കുന്നു. വെറുമൊരു ഫ്ലെക്സ്‌ ബോർഡിൽ പ്രിന്റ്‌ ചെയ്തിരിക്കുന്ന മാതാവിന്റെ ചിത്രത്തിൽ നിന്നാണു ഈ ദ്രാവകം പ്രവഹിക്കുന്നതു.. ഇതിന്റെ നിരവധി വീഡിയൊകൾ ഇന്റർനെറ്റിലും ലഭ്യമാണു. കട്ടച്ചിറ പള്ളി എന്നു സെർച്ച്‌ ചെയ്താൽ ഇവ കാണാൻ കഴിയും. യാക്കോബായ സഭയുടെ കീഴിലുള്ള ഈ പള്ളിയിൽ നിരവധി പ്രമുഖ വ്യക്തികൾ ആണു കഴിഞ്ഞ ദിവസങ്ങളിൽ ആയി സന്ദർശനം നടത്തിയതു. ഓരു ഗ്രാമത്തിൽ ആരാലും അറിയപ്പെടാതെ കിടന്നിരുന്ന ഒരു ചെറിയ ദേവാലയ്ം ചുരുങ്ങിയ നാളുകൾ കൊണ്ടാണുപ്രശസ്തിയിലേക്കു കുതിച്ചുയർന്നതു. പ്രമുഖ വ്യക്തികളെ കൂടാതെ ആയിരക്കണക്കിനു ആളുകൾ ആണു അവിടേക്കു പ്രവഹിക്കുന്നതു. ഇതൊക്കെ കേൾക്കുകയും കാണുകയും ചെയ്യുംമ്പോൾ ചില ചെറിയ സംശയങ്ങൾ തോന്നാതിരുന്നില്ല.. അതിനു ഒരു വിശദീകരണം ആരിൽ നിന്നെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിലാണു ഇവിടെ കുത്തിക്കുറിക്കുന്നതു. സംശയങ്ങൾ...
1. എവിടെയും പതിപ്പിക്കാതെ, എന്തിനു ഒരു ഗ്ലാസ്‌ കൊണ്ടുള്ള സംരക്ഷണം പൊലും ഇല്ലാതെ വെറും നിലത്തു പുറകുവശവും നന്നായി കാണാവുന്ന രീതിയിൽ വച്ചിരിക്കുന്ന ഒരു ചിത്രത്തിൽ നിന്നും എങ്ങനെയാണു ഇത്രയും ദിവസങ്ങൾ തുടർച്ചയായി എന്തെങ്കിലും പ്രവഹിക്കുന്നതു?.

2. വീഡിയൊയിൽ കാണൂന്നതിൽ നിന്നും മനസ്സിലാവുന്നത്‌, ചിത്രത്തിലെ കണ്ണിന്റെ ഭാഗത്തു നിന്നാണു ആ പ്രവാഹം ആരംഭിക്കുന്നതു എന്നാണു. ഒരു മില്ലീ മീറ്റർ പോലും കനമില്ലാത്ത ഒരു ഫ്ലെക്സ്‌ ഷീറ്റിൽ എങ്ങനെയാണു ഇത്രയും ദ്രാവകം ഉണ്ടാവുന്നതു?..

3, റിപ്പോർട്ടുകളിൽ നിന്നും അറിയുന്നതു എണ്ണക്കു സമാനമായ ഒരു ദ്രാവകം ആണു പ്രവഹിക്കുന്നത്‌ എന്നാണു. അവിടെ ആ ചിത്രത്തിനു സമീപത്തായി മെഴുകു തിരികൾ കത്തിച്ചു വെച്ചിട്ടുണ്ട്‌. ആ ചൂടു കൊണ്ട്‌ ഇങ്ങനെ സംഭവിക്കാൻ സാധ്യത ഉണ്ടൊ?...

4, ഏകദേശം രണ്ടു വർഷങ്ങൾക്കു മുൻപ്‌ കോട്ടയം ജില്ലയിൽ തലയോലപറംബിലുള്ള്‌ ഒരു പള്ളിയിൽ മാതാവിന്റെ രൂപത്തിൽ നിന്നും കണ്ണുനീർ പ്രവഹിക്കുന്നതു വാർത്തയാവുകയും വലിയ ഭക്തജന പ്രവാഹം ഉണ്ടാവുകയും ചെയ്തു. നാളുകൾക്കു ശേഷം പ്രവാഹ്ം നിലച്ചിട്ടാണൊ അതൊ അതിനു പിന്നിലുള്ള രഹസ്യം വെളിപ്പെട്ടിട്ടാണോ എന്നറിയില്ല, വിശ്വാസികളുടെ പ്രാവാഹം ഏതാണ്ടു നിലച്ച മട്ടാണു. പക്ഷെ അതൊരു രൂപവും ഇവിടെ വെറുമൊരു ഫ്ലെക്സ്‌ ബോർഡും ആണെന്ന വ്യ്ത്യാസം ഉണ്ടു. അതിനും മുൻപു ഗണേശ വിഗ്രഹങ്ങൾ നാടുനീളെ പാലു കുടിച്ചതും വാർത്തയായിരുന്നു. ഇത്തരം വാർത്തകൾ കൊണ്ടു ശരിയായ നേട്ടം ഉണ്ടാവുന്നത്‌ ആർക്കാണു?..

5, ഈ കഴിഞ്ഞ നാളുകളിൽ പല പ്രമുഖരും അവിടെ ഈ ചിത്രം പരിശോധിക്കുന്നതിന്റെ വീഡിയോ കാണുകയുണ്ടായി... യാക്കൊബായ സഭയുടെ ഒരു തിരുമേനി ചിതൃത്തിലെ കണ്ണുനീർ തുടക്കുന്നതു കാണാൻ കഴിഞ്ഞു. ഇതൊരു ദിവ്യാൽഭുതം ആണോ എന്നറിയാൻ ബഹുമാനപ്പെട്ട തിരുമേനി ഒരു വിശദീകരണം മാധ്യമങ്ങൾക്കു നൽകുമെന്നു പ്രതീക്ഷിക്കുന്നു..

6, അനേകം ജനങ്ങൾക്കു അഭയവും വിശ്വാസവുമായ മാതാവിനു ഇത്തരം ഗിമ്മിക്കുകളുടെ ആവശ്യം എന്താണു?.. മാതാവ്‌ ഇത്തരം ചീപ്‌ പബ്ലിസിറ്റി ആഗ്രഹിക്കുന്നുണ്ടാവില്ലെന്നാണു ഒരു വിശ്വാസി എന്ന നിലയിൽ എനിക്കു തോന്നുന്നതു.

7, ഏല്ലാ വാർത്തകളും മാതാവു കരയുന്നു എന്നാണു. ഒരിക്കലും മാതാവു ചിരിക്കുന്നു എന്ന് എവിടെയും കേട്ടിട്ടില്ല. എപ്പൊഴും കരയാൻ വൃത്തികേടുകൾ മാത്രമാണോ ഈ ലോകത്തു നടക്കുന്നതു?.. നല്ലതൊന്നും നടക്കുന്നില്ലേ?.. അതൊ ചിത്രങ്ങളിൽ നിന്നും കണ്ണുനീർ വരുത്താൻ ആണു എളുപ്പം എന്നു കരുതിയിട്ടൊ?.. മാതാവും എളുപ്പവഴിയിൽ ചിന്തിക്കാൻ മലയാളി ആണോ?..

ശംശയങ്ങൾ പെരുകിക്കൊണ്ടേ ഇരിക്കുന്നു... ഒരൽപ വിശ്വാസിയാണെന്നു സ്വയം വിലയിരുത്തപ്പെടും മുൻപു എന്റെ സംശയങ്ങൾക്കു വിശദീകരണവുമായി ആരെങ്കിലും പ്രത്യക്ഷപ്പെടുമെന്ന വിശ്വാസത്തോടെ ?.....

FEEDJIT Live Traffic Feed

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഞാൻ, ജീവിതത്തിന്റെ ഈ നട്ടുച്ച നേരത്തു ദുബായിയിൽ ഒരു തണലുണ്ടാവുമെന്ന പ്രതീക്ഷയിൽ...നടന്നു തീർത്ത വഴികളും, കൊഴിഞ്ഞു പോയ ഇന്നലേകളും മടങ്ങി വരില്ലെന്ന വേദനയോടെ....