2009, നവംബർ 9, തിങ്കളാഴ്‌ച

ഒരു ചൂടു വാര്ത്ത

രാവിലെ ചായക്കടയിലേക്ക് പാലുമായി പോയ ആനി ചേച്ചിയാണ് ആ ചൂടുള്ള വാര്ത്ത അമ്മയോട് പറഞ്ഞത്. ചായക്കടയില്‍ പാല് കൊടുക്കുന്നത് കൂടാതെ അവിടെ നിന്നും കിട്ടുന്ന ചൂടുള്ള വാര്‍ത്തകള്‍ വഴിയിലുടനീളം ആകാംഷാഭരിതരായി കാത്തു നില്ക്കുന്ന വീട്ടമ്മമാര്‍ക്ക് പകര്ന്നു കൊടുക്കുക എന്ന മഹനീയ കൃത്യം കൂടി വളരെ പ്രശംസനീയമായ നിലയില്‍ ആനി ചേച്ചി നിര്‍വഹിക്കുന്നുണ്ട്.. കരാറുകാരന്‍ ലോനപ്പന്റെ മോള്‍ ആന്‍സി, ലോനപ്പന്റെ ഒപ്പം റോഡ് പണിക്കുവന്നതമിഴന്റെ ഒപ്പം ഒളിച്ചോടിയ വാര്‍ത്തയൊക്കെ അങ്ങനെയാണ് നാട്ടില്‍ പാട്ടായത്‌. വന്നു വന്നു രാവിലെ ആനി ചേച്ചിയുടെ കയ്യില്‍ നിന്നും എന്തെങ്കിലും വാര്ത്ത കിട്ടിയില്ലെങ്കില്‍ പിന്നെ അന്നത്തെ ദിവസം ആകെ ഒരു ഉഷാരില്ലായ്മആയി മാറി.. അയല്‍പക്കത്തെ ഏതാണ്ടെല്ലാ വീട്ടമ്മമാരുടെയും സ്ഥിതി ഇതൊക്കെ തന്നെയായിരുന്നു..


ആ ആനി ചേച്ചിയാണ് വെളുപ്പിന് അഞ്ചു മണിക്കുതന്നെ പുതിയ പത്രം ഇറക്കിയിരിക്കുന്നത്.. ഇന്നത്തേത് കുറച്ചു ഹൊറര്‍ വാര്ത്ത ആയിരുന്നു.. മനക്കപ്പടിയില്‍ ഒരാള്‍ തൂങ്ങി മരിച്ചിരിക്കുന്നു!.. തല്ലികൊന്നു കെട്ടിത്തൂക്കിയതാനെന്നൊരു സംശയം. ശവം കിടക്കുന്നതിനടുത്തു വരെ ഏതോ വണ്ടി വന്ന ടയര്‍ പാടുകളും ഉണ്ട്.. കിട്ടുന്ന വാര്‍ത്തകള്‍ മൂടി വെക്കാതെ പബ്ലിഷ് ചെയ്യാനുള്ളത്‌ ആയതു കൊണ്ടു അമ്മ ഉടനെ വടക്കേലെ ലീല ചേച്ചിയെ ഉറക്കത്തില്‍ നിന്നെഴുന്നെല്പിച്ചു കാര്യം പറഞ്ഞു.. ലീല ചേച്ചി കിഴക്കേലെ സരസ ചേച്ചിയോടും, സരസ ചേച്ചി പണിക്കു പോവാന്‍ റെഡി ആവുന്ന സുകു ചേട്ടനോടും പറഞ്ഞു.. ഒരു അഞ്ചു മിനിട്ട് കൊണ്ടു അയല്പക്കക്കാരുടെ ഒരു മീറ്റിംഗ് എന്റെ അമ്മയുടെ നേതൃത്വത്തില്‍ രൂപം കൊണ്ടു.. എവിടത്ത്തുകാരന്‍ ആയിരിക്കും?.. തനിയെ ആയിരിക്കുമോ?.. അതോ ആരെങ്കിലും തല്ലി കൊന്നതോ?.. എങ്കില്‍ എന്തിന് ഈ മന്ക്ക പടിയില്‍ കൊണ്ടുവന്നു ചെയ്തത്?.. ഇങ്ങനെ അനേകം ചോദ്യങ്ങള്‍ അന്തരീക്ഷത്തില്‍ അലയടിക്കുംബോഴാനു ഞാന്‍ കണ്ണും തിരുമ്മി എഴുന്നേറ്റു വരുന്നതു..


ഈ ഭീകര സംഭവം നടന്നിരിക്കുന്ന മനക്കപടി ഞങ്ങള്‍ സ്കൂളില്‍ പോവുന്ന വഴിയാണ്. വഴിക്കിരുവശവും വിശാലമായ റബ്ബര്‍ തോട്ടങ്ങള്‍.. പകല് പോലും സൂര്യന്‍ എത്തിനോക്കാന്‍ മടിക്കുന്ന ഇരുണ്ട വിജനമായ സ്ഥലം. അല്ലെങ്കില്‍ തന്നെ ഒരു പ്രേത സിനിമയ്ക്കു സ്കോപ്‌ ഉള്ള ഇടം. സ്കൂളില്‍ നിന്നും ജില്ല മത്സരങ്ങള്‍ക്കുള്ള കബഡി ടീമില്‍ ഉള്ളതിനാല്‍ എനിക്കും എന്റെ പ്രിയ സുഹൃത്തും മേല്പ്പറഞ്ഞ സരസ ചേച്ചിയുടെ മകനുമായ ശിവനും രാവിലെ ആര്‍ മുപ്പതിന് സ്കൂളില്‍ എത്തണം.. ഇനിയിപ്പോ പ്രേതം കിടക്കുന്ന വഴി എങ്ങനെ പിള്ളേര് സ്കൂളില്‍ പോവും?.. അമ്മമാരുടെ വേവലാതി അതായിരുന്നു.


ഓ പിന്നെ പ്രേതം. പോവാന്‍ പറ. എന്ന് പറയുമ്പോ എന്റെ ആശ്വാസം കഴുത്തില്‍ കിടക്കുന്ന കൊന്ത ആയിരുന്നു.. കുരിശിനെ പ്രേതത്തിനു പേടിയാണല്ലോ. പെട്ടെന്ന് കുളിയും ആഹാരവും കഴിഞ്ഞു ഞങ്ങള്‍ റെഡി ആയി. നേരം വെളുത്തു വരുന്നതെ ഉള്ളു. വീട്ടില്‍ നിന്നും വഴിയില്‍ ഇറങ്ങിയപ്പോ ഞങ്ങള്‍ പുലികളായി.. ഒരു തൂങ്ങി മരണം കാണാന്‍ കിട്ടുന്ന അസുലഭ അവസരം ആണ്. പാഴാക്കരുത്‌!. വീട്ടില്‍ അറിയാതിരുന്നാല്‍ പോരെ?.. ഉള്ളില്‍ നല്ല പേടി ഉണ്ടെങ്കിലും ഞാന്‍ കഴുത്തില്‍ കിടക്കുന്ന കൊന്തയുടെ ബലത്തില്‍ സമ്മതിച്ചു..


മനക്കപടിയുടെ വളവു തിരിഞ്ഞപ്പോള്‍ അത് വരെ നല്ല സ്പീഡില്‍ ഓടിയിരുന്ന ശിവന്റെ വണ്ടിക്കു പിക്ക് അപ്പ്‌ കുറഞ്ഞു.. പിന്നെ ഞാനായിട്ടെന്തിന് സ്പീഡില്‍ പോണം?.. ഞാന്‍ പതുക്കെയാക്കി.. പിന്നീടുള്ള ഓരോ ചുവടും സൂക്ഷിച്ചു മുന്നോട്ട്. ഇരുവശവും സൂക്ഷ്മതയോട് കൂടി നോക്കിയാണ് നടപ്പ്. കുറേ നടന്നിട്ടും ആരെയും കാണാന്‍ ഇല്ല.. ഇന്നൊരു ദിവസം കൊണ്ടു വഴിക്ക് നീളം കൂടിയോ?.. എവിടെയാണ് ഈ പണ്ടാരം കിടക്കുന്നതെന്ന് ആരോടെങ്കിലും ചോദിക്കാന്‍ ആണെങ്കില്‍ ഒരു കുഞ്ഞിനെപ്പോലും കാണാനും ഇല്ല.. ചെലപ്പോ ആനി ചേച്ചി നുണ പറഞ്ഞതാവാനും മതി. എന്നൊരു നിഗമനത്തില്‍ എത്തി ചേര്‍ന്നതും കുറച്ചു ദൂരെ ഒരാള്‍ റോഡിനു അരികിലുള്ള കയ്യാലയില്‍ നില്ക്കുന്നത് ശിവന്‍ കണ്ടു.


നമുക്ക്‌ ആ നില്ക്കുന്ന ആളോടു ചോദിക്കാം..


അങ്ങനൊരു സംഭവം ഉണ്ടെങ്കില്‍ അയാള്‍ക്ക് അറിയുമായിരിക്കും!. ചെലപ്പോ തൂങ്ങി കിടക്കുന്ന ആളെ കാണാന്‍ വന്നത്ആയിരിക്കും. എന്തായാലും ഒരാളെ കണ്ടല്ലോ.. എനിക്ക് ചോര്‍ന്നുപോയ ധൈര്യം തിരികെ കിട്ടി. പതിയെ ആയിപ്പോയ ഞങ്ങളുടെ നടരാജ്‌ വണ്ടി വീണ്ടും സ്പീഡില്‍ ഓടാന്‍ തുടങ്ങി.


ചേട്ടാ ഈ തൂങ്ങി ചത്ത ആള് കിടക്കുന്നതെവിടെയാ?..


കയ്യാലയില്‍ നില്ക്കുന്ന മാന്യന്‍ അത് കേട്ട ലക്ഷണമില്ല.!.


ഓട്ടത്തിന്റെ കിതപ്പും സംഭ്രമവും കാരണം ചെലപ്പോ ഞാന്‍ ചോദിച്ചത് പതുക്കെ ആയിരിക്കും.. ഒന്നു കൂടെ അടുത്തെത്തി വീണ്ടും ചോദിക്കാം .. അയാള്‍ തോട്ടത്തിലേക്ക് നോക്കിയാണ് നില്‍ക്കുന്നത്‌ .. ചെലപ്പോ ഞാന്‍ ചോദിച്ചത് കേട്ടിട്ടുണ്ടാവില്ല.. വീണ്ടും ചോദ്യം ആവര്‍ത്തിച്ചു..


ങേ ഹേ .. ഒരു പ്രതികരണവുമില്ല..


ശിവന് ആകപ്പാടെ ദേഷ്യം വന്നു.. ഡാ പൊട്ടാ ... എന്ന് വിളിച്ചിട്ട് ഓടാന്‍ പോയ ശിവന്‍ കറന്റ് അടിച്ചപോലെ നിന്നു. കാര്യം മനസ്സിലാവാതെ ഞാനും..


നോക്കെടാ അങ്ങേരുടെ കഴുത്തിലേക്കു!.


അപ്പോഴാണ്‌ കയ്യാലയില്‍ നില്‍കുന്ന ആളിന്റെ ശരിയായ രൂപം കാണുന്നത്.. പാന്റ്സും ഷര്‍ട്ടും ഒക്കെ ഇട്ടു കുട്ടപ്പനായി നില്‍കുന്ന അയാളുടെ കഴുത്തില്‍ ഒരു ചരട്.. അത് അവസാനിക്കുന്നത് റോഡിലേക്ക് ചാഞ്ഞു നില്ക്കുന്ന ഒരു ഇലഞ്ഞി കൊമ്പില്‍.. ആളിന്റെ ഭാരം കൊണ്ടായിരിക്കണം കൊമ്പ് കുറച്ചു വളഞ്ഞിട്ടുണ്ട്.. അങ്ങനെയാണ് തൂങ്ങി കിടന്നിരുന്ന ആള്‍ക്ക് കയ്യാലയില്‍ വന്നു നില്‍ക്കാന്‍ പറ്റിയത്.. എന്റെ അയ്യോ എന്ന വിളിയില്‍ ശിവനും ഷോക്കില്‍ നിന്നുണര്‍ന്നു..


പിന്നേ സ്കൂള്‍ വരെയുള്ള രണ്ടു കിലോമീറ്റര്‍ ഓടി തീര്‍ക്കാന്‍ എടുത്തത്‌ ഏതാനും നിമിഷങ്ങള്‍ മാത്രം.. ഇന്നും ആ റെക്കോര്‍ഡ്‌ തകര്‍ക്ക പെടാതെ നില്‍ക്കുണ്ട്.. കാരണം പിന്നീടാരും മനക്ക പടിയില്‍ തൂങ്ങി മരിച്ചിട്ടില്ല. എന്തായാലും തൂങ്ങി മരണം കണ്ട കാര്യം വീട്ടില്‍ പറയേണ്ടി വന്നില്ല. സ്കൂളില്‍ നിന്നും ഉച്ചക്ക് അവധിയെടുത്ത് ചെന്നപ്പോഴേ അമ്മമാര്‍ക്ക് കാര്യം മനസ്സിലായിരുന്നു .

2009, നവംബർ 8, ഞായറാഴ്‌ച

ഒരു ഇക്കിളി കഥ

സത്യമായിട്ടും ഞാന്‍ ഇക്കിളിയിട്ടില്ലാ.. അത് ഞാനല്ലാ..
ഒന്നും പറയേണ്ടാ... ഇറങ്ങിപോടാ... ഓരോരുത്തനോക്കെ ക്ലാസ്സില്‍ വന്നോളും മനുഷ്യനെ മെനക്കെടുത്താന്‍.. ആ ചിലമ്പിച്ച നിലവിളിയും സാറിന്റെ ആക്രോശവും ദാ ഇപ്പോഴും കാതില്‍ മുഴങ്ങുന്നുണ്ട്..

പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്പ് ഒരു ഉച്ച നേരത്തെ അവസാന വര്‍ഷ ബിരുദ ക്ലാസ്സാണ് രംഗം.. ഉച്ചക്ക് പതിവുള്ള ഷാപ്പിലെ കപ്പ കഴിക്കാത്തതിന്റെ ക്ഷീണം, പിന്നെ വ്യാഴാഴ്ച എന്ന ബോര്‍ ദിവസം. വ്യാഴാഴ്ച ബോര്‍ ആവാന്‍ വേറൊരു കാരണം കൂടിയുണ്ട്. വെള്ളിയാഴ്ച്ച ആണ് തിയേറ്ററില്‍ പടം മാറുന്നത്.. വെള്ളി പിറവം ദേവി, തിങ്കള്‍ കൂത്താട്ടുകുളം അശ്വതി, ചൊവ്വ കൂത്താട്ടുകുളം ബിന്ദു, ബുധന്‍ പിറവം ദര്‍ശന, ഉച്ചപ്പടം കളിക്കുന്ന തിയേറ്ററുകള്‍ തീര്ന്നു.. അടുത്ത ടേണ്‍ തുടങ്ങുന്നത് വീണ്ടും വെള്ളിയാഴ്ച്ച.. അപ്പൊ പിന്നെ വ്യാഴാഴ്ച കോളേജ് നു ഡെഡിക്കേറ്റ് ചെയ്തു ബോര്‍ അടിക്കാതെ എന്ത് വഴി?.. കപ്പ മേടിക്കാനുള്ള കാശ് പിഴിഞ്ഞെടുക്കാന്‍ ഒരു ഒന്നാം വര്‍ഷ പ്രീ ഡിഗ്രീയെയും കണ്ടില്ല.. അങ്ങനെ സ്വന്തം ക്ലാസ്സിലെ ലലനാമണികളുടെ ഊണ് കയ്യിട്ടു വാരിയാണ് ഇത്തിരി വിശപ്പടക്കിയത്.. ഊണിനും, പതിവുള്ള പതിവുള്ള പഞ്ചാര അടിക്കും ശേഷം ഉറക്കം വന്നു തുടങ്ങുന്ന രണ്ടു മണി നേരത്താണ് കോ-ഓപ്പറേഷന്‍ പഠിപ്പിക്കാന്‍ ഒരു കോ-ഓപ്പറേഷന്‍ നും ഇല്ലാത്ത തോമസ്‌ സര്‍ വരുന്നതു.. ക്ലാസ്സില്‍ നിന്നു മുങ്ങാനുള്ള ശ്രമം ടൈമിംഗ് ശരിയാവാത്തത് കൊണ്ടു ക്യാച്ച് ആയി..

ഇനിയുള്ള മുക്കാല്‍ മണിക്കൂര്‍ ഇന്നു ചെയ്ത പാപങ്ങല്കുള്ള പ്രതിഫലമായി കിട്ടിയതാനെന്ന സമാധാനത്തോടെ പുറകിലെ ബെഞ്ചില്‍ ഉപവിഷ്ടരായി.. ഈ പുറകിലെ ബെന്ചിനു ഒരു സ്പെഷ്യാലിറ്റി ഉണ്ട്.. ഇതൊരു സാധാരണ ബാക്ക് ബെഞ്ച്‌ അല്ല.. ഇതു ഞങ്ങളുടെ ക്ലാസ്സിലെ സുന്ദരികളും, സുശീലകളും സര്‍വോപരി പട്ടിണിയാവുന്ന ദിവസങ്ങളില്‍ സ്വന്തം ചോറ് പാത്രം ഞങ്ങള്‍ക്കായി ദാനം ചെയ്യുകയും ചെയ്യുന്ന അഞ്ചു സുന്ദരികളുടെ ബാക്ക് ബെഞ്ച്‌ ആണ്.. ഒരുപാടു ചോര ചിന്തിയ പോരാട്ടങ്ങല്ക് ശേഷമാണ് ഞങ്ങള്‍ അഞ്ചംഗ സംഘം ആ ബെന്ചിന്റെ ഉടമസ്ഥാവകാശം കൈക്കലാക്കിയത്.. ക്ലാസ്സിലേക്ക് സര്‍ എത്തിയതും മറ്റൊന്നും ചെയ്യാനില്ലാത്തതിനാല്‍ ഞാന്‍ മുഖം കൈകളിലൂന്നി ഒരു കുഞ്ഞു ഉറക്കത്തിനുള്ള വട്ടം കൂട്ടി.. അങ്ങനെ സര്‍ സഹകരണത്തിന്റെ കാണാപുരങ്ങളിലേക്ക് ക്ലാസ്സിനെ കൊണ്ടുപോവാന്‍ തുടങ്ങുകയും ഒരു പാതി മയക്കം വന്നെന്റെ കണ്ണിനെ മൂടാന്‍ തുടങ്ങുകയും ചെയ്യുന്ന സന്ദര്‍ഭത്തിലാണ് ഞാന്‍ ആ കാഴ്ച കാണുന്നത്.. എന്റെ അടുത്തിരുന്നു ധ്യാനിച്ചിരുന്ന ശ്രീമാന്‍ ജോസ് അവന്റെ രണ്ടു കാലുകളും ഡിസ്കിന് അടിയിലൂടെ മുന്നിലെ ബെഞ്ചില്‍ കയറ്റി വെക്കുന്നു.. അതും ഞങ്ങള്‍ക്ക് ഉച്ചക്ക് ഊണ് പാത്രം തന്നു സഹായിച്ച ജിന്‍സി ക്കും സല്ജക്കും ഇടയില്‍..

ജിന്‍സി ആണെങ്കില്‍ അവന്റെ കാല് അവിടെങ്ങാനും ഇരുന്നോട്ടെ എന്ന് കരുതി ഒതുങ്ങി ഇരിക്കുന്നു.. ഒരു ജെന്റ്ലെമാനും കാലിനു അവനെക്കാളും നീളം കൂടുതല്‍ ഉള്ളവനും ആയ ഈ ഞാന്‍ ഇവിടെ ഇരിക്കുമ്പോള്‍ തൊട്ടടുത്തിരുന്നു ഈ അതിക്രമം കാണിക്കുന്നത് എനിക്ക് സഹിക്കുമോ?.. എന്റെ രക്തം തിളക്കാന്‍ തുടങ്ങി.. അത് മുഴുവന്‍ തിളച്ചു തൂവുന്നതിനു മുന്പ് എന്തെങ്കിലും ചെയ്തേ പറ്റൂ.. ഞാന്‍ ഡസ്ക് ലേക്ക് കമിഴ്ന്നു കിടന്നു.. എന്നിട്ട് കൈ മുന്നിലെക്കിട്ടു അവന്റെ കാല്‍പാദങ്ങളില്‍ ചൊറിയാന്‍ തുടങ്ങി.. അവനാണെങ്കില്‍ അത് സഹിക്കാതെ കാല് വെട്ടിക്കാനും.. കുതറുന്ന കാലുകള്‍ അറിയാതെ, വശങ്ങളില്‍ ജിന്‍സി യുടെയും സല്ജയുടെയും ദേഹത്ത് മുട്ടുന്നുണ്ട്.. അങ്ങനെ മുട്ടുമ്പോള്‍ രണ്ടെണ്ണവും ചെറുതായിട്ട് ചാടുന്നുമുണ്ട്.. അതൊന്നും കാര്യമാക്കാതെ അവന്റെ കാലുകള്‍ താഴെ ചാടിക്കാനുള്ള ദൃഡ പ്രതിജ്ഞ എടുത്ത ഞാന്‍ പ്രയത്നം തുടര്‍ന്നുകൊണ്ടിരുന്നു..

അപ്പോഴാണ്‌ തോമസ്‌ സര്‍ ന്റെ ശ്രദ്ധയില്‍ ഈ പെണ്‍കുട്ടികളുടെ നാലാം ബെഞ്ച്‌ കടന്നു വരുന്നത്.. സര്‍ ന്റെ കോ- ഓപ്പറേഷന്‍ ക്ലാസ്സിലിരുന്നു രോമാഞ്ചം സഹിക്കാന്‍ വയ്യാതെ ചാടുന്ന രണ്ടു പെണ്‍കുട്ടികളെ കണ്ട തോമസ്‌ സര്‍ ആകെ ത്രില്ലടിച്ചു... ആ ത്രില്ലില്‍ അല്‍പനേരം പടിപ്പിചെന്കിലും പിന്നെ പിന്നെ സാറിന് മനസ്സിലായി ഇതു വേറെന്തോ ഗുലുമാല്‍ ആണെന്ന്.. സൂക്ഷിച്ചു നോക്കിയ സര്‍ ന്റെ മുന്നില്‍ ആ നഗ്ന സത്യം വെളിപ്പെട്ടു.. ബാക്ക് ബെഞ്ചില്‍ ഒരുത്തന്‍ അവര്കിടയിലേക്ക് കമിഴ്ന്നു കിടക്കുന്നുണ്ട്‌.. രോമാഞ്ചം ബാക്ക് ബെഞ്ചില്‍ നിന്നാണ് വരുന്നതു!. പിന്നെ താമസിച്ചില്ല എന്റെ പേരുറക്കെ വിളിക്കുന്നത് കേട്ടാണ്‌ ഞാന്‍ നടത്തിക്കൊണ്ടിരുന്ന പ്രയത്നത്തിനു ബ്രേക്ക്‌ നല്കിയത്.. ചാടി എഴുന്നേറ്റതും സര്‍ ന്റെ ഓര്‍ഡര്‍ ഇറങ്ങി പോടാ.. എനിക്ക് ചെയ്ത തെറ്റ് എന്താണെന്ന് പോലും മനസ്സിലായില്ല.. എന്റെ ഭാഗം വിശദീകരിക്കാനുള്ള ഒരു വിഫല ശ്രമം നടത്തിയെങ്കിലും ഉഗ്ര പ്രതാപിയായി ഉറഞ്ഞു തുള്ളി നില്‍കുന്ന സാറിന്റെ ചെവിയില്‍ അത് കയറിയില്ല..

അങ്ങനെ അപമാനിതനും, ദുഖിതനും, നിരാശനും പിന്നെ വേറെയും എന്താണ്ടൊക്കെയോ ആയി എന്നാണോര്‍മ.. ക്ലാസ്സില്‍ നിന്നിറങ്ങി. താഴെ സണ്ണി ചേട്ടന്റെ കടയിലെ നല്ല ചൂടും കടുപ്പവുമുള്ള ചായ ഒറ്റ വലിക്കു കുടിച്ചു ഞാന്‍ എന്റെ പ്രതിഷേധം രേഖപ്പെടുത്തി.. കണക്കു ബുക്കില്‍ ചായക്ക് രണ്ടു രൂപ എഴുതി സണ്ണി ചേട്ടനും..

ഇനി നിങ്ങള്‍ പറയു.. തെറ്റ് ചെയ്തത് ഞാന്‍ ആണോ?.. കാല് കയറ്റി വെച്ച എന്റെ പ്രിയ മിതം ജോസ് തെറ്റ്കാരന്‍ അല്ലെ?.. അവന് കാല്‍ കയറ്റി വെച്ചപ്പോപ്രതിഷേധിക്കാതിരുന്ന ജിന്‍സി യും സല്ഞയും തെറ്റ് കാരല്ലേ?.. എന്റെ വിശദീകരണം പോലും ചെവിക്കൊള്ളാതെ എന്നെ ക്ലാസ്സില്‍ നിന്നിറക്കി വിട്ട തോമസ്‌ സര്‍ തെറ്റ് കാരന്‍ അല്ലെ?.. ഒരു രൂപ മാത്രം വിലയുണ്ടായിരുന്ന ചായക്ക് രണ്ടുരൂപ എഴുതി വെച്ച സണ്ണി ചേട്ടനും തെറ്റുകാരന്‍ അല്ലെ?.. (സണ്ണി ചേട്ടനെ നമുക്കൊഴിവാക്കാം കാരണം പുള്ളി അറിയാതെ ഞാന്‍ രണ്ടു പഴം പൊരി അടിച്ച് മാറ്റിയിരുന്നു.. )

2009, നവംബർ 6, വെള്ളിയാഴ്‌ച

വേളാങ്കണ്ണി യാത്ര (തുടര്‍ച്ച)

റൂമിനോട് ചേര്ന്നു തന്നെ പാചകപ്പുര.. അപ്പന്‍ ആള് മിടുക്കന്‍ തന്നെ.. ഇത്ര ദൂരം താണ്ടി ദേവാലയത്തില്‍ എത്തിയത് കഞ്ഞി വെക്കാന്‍.. മാതാവേ എന്ടപ്പനോട് പൊറുക്കണേ.. എന്നൊരു പ്രാര്ത്ഥന ഞാന്‍ മനസ്സില്‍ ചൊല്ലി. ഉപ്പുവെള്ളത്തില്‍ ഒരു കുളിക്കും ഇത്തിരി വിശ്രമത്തിനും ശേഷം പുറത്തേക്കിറങ്ങി.. സമയം ആറുമണി കഴിഞ്ഞിരിക്കുന്നു.. എന്നാലും ചൂടിനു കുറവൊന്നും ഇല്ല.. നേരെ പള്ളിയിലേക്ക്, പള്ളിക്ക് പുറത്തു പൂമാല, മെഴുക് തിരി, ആള്‍രൂപം തുടങ്ങി എല്ലാവിധ വഴിപാടു സാധങ്ങളും വില്‍ക്കുന്നവരുടെ വാക്പോരാട്ടത്തില്‍ ജയിച്ചത്‌ അപ്പനാണോ എന്നറിയില്ലാ, എന്തായാലും അവിടത്തെ പ്രധാന വഴിപാടായ പൂമാലകള്‍ അഞ്ചാറെണ്ണംഅപ്പന്റെ കൈ യിലായി..

ദൈവാലയതിനകം ശെരിക്കും മറ്റൊരു ലോകം തന്നെ.. പുറത്തുള്ള വില പെശലുകളും ബഹളങ്ങളും ഒന്നുമില്ലാത്ത ശാന്തമായ കുളിര്‍മയേറിയ ഒരിടം.. മനസ്സിലെ പാപ ഭാരങ്ങള്‍ എല്ലാം ഇറക്കി വെക്കുന്നവര്‍, നിശംബ്ദമായി കരയുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന അനെകര്‍ക്കിടയില്‍ ഞങ്ങളും അലിഞ്ഞു.. ഏറെ നേരത്തിനു ശേഷം വഴിപാടായി ലഭിച്ച ഒരു മുഴം മുല്ലപ്പൂ മാലയുമായി പള്ളിക്ക് പുറത്തിറങ്ങുമ്പോള്‍ കാറ്റ്‌ അടങ്ങിയ കടല്‍ പോലെ മനസ്സും ശാന്തമായിരുന്നു..


ഇനി കടല്‍ക്കരയിലേക്ക്‌.. ഇരുട്ടിയിരിക്കുന്നു.. എന്നാലും കല്‍ക്കരയിലെക്കുള്ള പാതക്കിരുവശവുമുള്ള കളിപ്പാട്ട കടകളില്‍ തിരക്കിനു ഒട്ടും കുറവില്ല..

ഇവിടെ എന്നും പെരുന്നാള്‍ പോലെയാണ്.. അമ്മ പൊതു വിജ്ഞാനം വിളമ്പി., തീരത്തു കടകളില്‍ നല്ല മുഴുത്ത മീനുകള്‍ വറുത്തു വെച്ചിരിക്കുന്നു.. എല്ലാത്തിനും മുകളില്‍ നല്ല മുന്തിരിങ്ങാ വലിപ്പമുള്ള ഈച്ചകള്‍ പാറി നടക്കുന്നുമുണ്ട്.. ഒരു പൊറോട്ട കടയില്‍ അത്ഭുത ദൃശ്യം കണ്ടു പൊറോട്ട ഒരാള്‍ നിന്നു പരത്തുന്നു.. അയാള്‍ നില്ക്കുന്ന ഇടതു നിന്നും പൊറോട്ട ചുടുന്ന ആളിന്റെ അടുത്തേക്ക് ഒരു പത്തടിയെന്കിലും അകലം ഉണ്ടാവും.. അവര്കിടയില്‍ നിരത്തി തൂക്കിയിരിക്കുന്ന അനേകം ട്യൂബ് ലൈറ്റുകള്‍.. പരത്തിക്കഴിഞ്ഞ പൊറോട്ട അയാള്‍ വായുവിലൂടെ ഒരു തളിക എറിയുന്നത് പോലെ ഒരൊറ്റ ഏറു.. അതാ പൊറോട്ട തൂങ്ങിക്കിടക്കുന്ന ട്യൂബ് ലൈറ്റ് കല്‍ക്കിടയിലൂടെ കൃത്യമായി ചുടുന്ന ആളിന്റെ കയ്യില്‍ ലണ്ട് ചെയ്യുന്നു.. എറിഞ്ഞു കഴിഞ്ഞ പൊറോട്ട യെപ്പറ്റി ഒരു വേവലാതിയും ഇല്ലാതെ അയാള്‍ അടുത്ത പൊറോട്ട പരതിതുടങ്ങുന്നു.. അല്ഭുതതാല്‍ പകുതി പൊളിഞ്ഞ കാഴ്ചക്കാരന്റെ വായില്‍ ചവച്ചു പകുതിയാക്കിയ പൊറോട്ട!.. രാത്രി ആയതിനാല്‍ കടലില്‍ കുളിക്കണം എന്നുള്ള ആഗ്രഹം വെറും കാളി കഴുകളില്‍ ഒതുങ്ങി..

പിന്നെ ചന്തയിലേക്ക്. പല വലിപ്പത്തിലും നിറത്തിലും ഒക്കെ ആയി അനേകം ഇനം മീനുകള്‍.. ചെലതിന്റെ ഒക്കെ പേരുകള്‍ അമ്മയും അച്ഛമ്മയുംഅറിയാമായിരുന്നു.. പേരറിയാത്ത നല്ല വലിപ്പമുള്ള ഒരു മീനും പിന്നെ അതിന് വേണ്ട മസാലകല്‍, എണ്ണ, അരി മാറ്റ് പാചക സാമഗ്രികള്‍ ഒക്കെയായി വീണ്ടും റൂമില്‍. ലോഡ്ജില്‍ തന്നെ പാചകത്തിനുള്ള പാത്രങ്ങള്‍ വാടകക്ക് റെഡി ആയിരുന്നു.. കുട്ടികളായ ഞങ്ങളെ വിശ്രമിക്കാന്‍ വിട്ടു മുതിര്‍ന്നവര്‍ പാചകം ചെയ്യാനുള്ള ഒരുക്കമായി.. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ നല്ല മൊരിഞ്ഞ മീനിന്റെ മണം ലോഡ്ജില്‍ അലയടിക്കാന്‍ തുടങ്ങി.. ഹാ.. ഇതാണ് രുചി.. നല്ലവണ്ണം മൊരിഞ്ഞ മീനും തുമ്പ പൂ പോലുള്ള ചോറും പിന്നെ അച്ചാറും.. എന്തിനധികം അന്നുവരെ വീട്ടില്‍ കഴിച്ചിട്ടുള്ള എല്ലാ വിഭവങ്ങളെയും പിനതള്ളി രുചി.. വരയ് നിറയെ ഉണ്ടത് കൊണ്ടാവണം കിടന്നപ്പോഴേ ഉറങ്ങി..

ഓ എന്തൊരു കുളിര്.. (പിങ്ക് ച... )

എനിക്ക് കുളിരുന്നേ... പണ്ടൊരു ഉച്ചപ്പടത്തിനു കയറിയപ്പോള്‍ ഉണ്ടായ അതേ കുളിര്.. പാത്തും പതുങ്ങിയും ടിക്കറ്റും കൈക്കലാക്കി ആ ഇരുട്ടില്‍ സ്വയം സംരക്ഷിക്കപ്പെട്ട നേരം, പെട്ടെന്നതാ ഇരുളില്‍ നിന്നൊരു അട്ടഹാസം.. പടം തുടങ്ങേടാ ..... ന്റെ മോനെ... പിന്നെ തിരശീലയില്‍ ശുഭം എന്ന് തെളിയും വരെ, ഒരു നിമിഷം പോലും ഇടവിടാതെ തെറിവിളികള്‍.. തിയേറ്ററിലെ ടിക്കറ്റ്‌ വാങ്ങാന്‍ നില്‍കുന്ന ഹതഭാഗ്യനു തുടങ്ങി, വില്ലന്‍ നായികയെ ബലാല്‍സംഗം ചെയ്യുമ്പോ രക്ഷിക്കാന്‍ കയറിവരുന്ന നായകന്റെ അമ്മക്ക് വരെ ഇഷ്ടം പോലെ.. സിനിമയില്‍ ഇടക്കുണ്ടായിരുന്ന ഒന്ന് രണ്ടു കുഞ്ഞു ചൂടന്‍ സീനുകലെക്കാള്‍കാണികളെ രസിപ്പിച്ചത്‌ ആ ഇരുളില്‍ കേട്ട മഹദ്‌ വചനങ്ങള്‍ ആയിരുന്നു.. ആ രസം വീണ്ടും അനുഭവിക്കാന്‍ ഇടയായത് ഈ ബ്ലോഗെന്ന മനോഹര ലോകത്തേക്ക് തലയില്‍ തുണി ഇടാതെ കയറിയപ്പോഴാണ്...

എന്നെ വീണ്ടും ആ ഓര്മകളിലേക്ക് കൈപിടിച്ചു നടത്തിയ ഇന്ജിപ്പെന്നു, കാവിലാന്‍, ചിത്രകാരന്‍, പിന്നേ തലയില്‍ തുണി ഇട്ടും ഇടാതെയും കയറി ആവോളം പുതിയ തെറികള്‍ സമ്മാനിച്ചു കൊണ്ടിരിക്കുന്ന അനോണി ആദിയായവര്കും എന്റെ പ്രണാമം.

ഞാന്‍ ഇത് ആരെയും കുറ്റം പറയാന്‍ വേണ്ടി എഴുതിയതല്ല.. എനിക്ക് ഇങ്ങനെയല്ലാതെ ഒരു നന്ദി പറയാന്‍ ആരും ഫോണ്‍ നമ്പര്‍ ഒന്നും നല്‍കാതിരുന്നാല്‍ പിന്നെ വേറെന്താ വഴി?... തൂലിക, അല്ല കീ ബോര്‍ഡ്‌ പടവാലാക്കിയവര്‍ ആരും എന്നെ മെക്കിട്ടു കേറാന്‍ വരേണ്ടാ.. അഥവാ വന്നാല്‍ പിന്നീടുണ്ടാവുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ഞാന്‍ ഉത്തരവാദി ആയിരിക്കില്ലാ

2009, നവംബർ 4, ബുധനാഴ്‌ച

FEEDJIT Live Traffic Feed

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഞാൻ, ജീവിതത്തിന്റെ ഈ നട്ടുച്ച നേരത്തു ദുബായിയിൽ ഒരു തണലുണ്ടാവുമെന്ന പ്രതീക്ഷയിൽ...നടന്നു തീർത്ത വഴികളും, കൊഴിഞ്ഞു പോയ ഇന്നലേകളും മടങ്ങി വരില്ലെന്ന വേദനയോടെ....